പത്തനംതിട്ട : യുഡിഎഫ് വിടാനുള്ള തീരുമാനത്തിന് കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരം. ഏകകണ്‌ഠേനയാണ് കമ്മിറ്റി നിര്‍ദേശം അംഗീകരിച്ചത്.
തല്‍ക്കാലം ഒറ്റയ്ക്കു നില്‍ക്കുന്നതിനാണ് തീരുമാനം. നിയമസഭയില്‍ കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ നിലവിലുള്ള സ്ഥിതി തുടരുമെന്നും അറിയിച്ചു.
യുഡിഎഫ് വിട്ടേക്കുമെന്ന സൂചന ഇന്നലെത്തന്നെ കെ.എം. മാണി നല്‍കിയിരുന്നു. കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും സമദൂരമാണെന്നും പ്രശ്‌നാധിഷ്ഠിത രാഷ്ട്രീയമായിരിക്കും ഇനി പാര്‍ട്ടിനയമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ കുറച്ചുനാളുകളായി മുന്നണിയില്‍ നിലനില്‍ക്കുന്ന ബാര്‍ കോഴയടക്കമുള്ള പ്രശ്‌നങ്ങളാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്കു കേരള കോണ്‍ഗ്രസിനെ എത്തിക്കുന്നത്.
പാലായില്‍ മാണിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെന്നും പൂഞ്ഞാറില്‍ പി.സി.ജോര്‍ജിനു സഹായം നല്‍കിയെന്നും ചരല്‍ക്കുന്നില്‍ നടക്കുന്ന സംസ്ഥാന ക്യാംപില്‍ നേതാക്കള്‍ ആരോപിച്ചിരുന്നു