ന്യൂഡല്‍ഹി:കശ്മീര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രംഗത്ത്.
കശ്മീര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുക്കാതെ മധ്യപ്രദേശിലെ റാലിയില്‍ സംസാരിക്കുന്നതിനാണ് അദ്ദേഹത്തിനു താല്‍പര്യം.
പാര്‍ലമെന്റ് എന്നുമുതലാണ് മധ്യപ്രദേശിലേക്കു മാറ്റിയതെന്നെനിക്കറിയില്ല. അവിടെ നിന്നല്ല മറിച്ച് പാര്‍ലമെന്റില്‍നിന്നായിരുന്നു മറുപടി തരേണ്ടിയിരുന്നതെന്നും ആസാദ് കുര്‌റപ്പെടുത്തി.
എല്ലാ പാര്‍ട്ടികളും ഒന്നിച്ചിരുന്നു വേണം ജമ്മു കശ്മീരിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍. സംസ്ഥാന സര്‍ക്കാരിന് ഒറ്റയ്ക്കിതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല.
കശ്മീരിലെ പ്രശ്‌നങ്ങളില്‍ ഞങ്ങളാരെയും കുറ്റപ്പെടുത്തുന്നില്ല. ക്രമസമാധാന നിലയില്‍ സാധാരണയുണ്ടാകുന്ന പ്രശ്‌നം മാത്രമാണിത്. കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്നാണു സംസ്ഥാനസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കശ്മീര്‍ മുഖ്യമന്ത്രിക്ക് ഇതൊറ്റയ്ക്കു കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്നും ആസാദ് പറഞ്ഞു.
കശ്മീര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ വാജ്‌പേയി സര്‍ക്കാരിന്റെ നയമാണു പിന്തുടരുന്നതെന്നും വിഷയത്തില്‍ കശ്മീര്‍ ജനതയുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ റാലിയില്‍ പറഞ്ഞിരുന്നു.
മാനവികതയുടെയും ജനാധിപത്യത്തിന്റെയും പാതയില്‍ കശ്മീര്‍ ജനതയ്‌ക്കൊപ്പമായിരുന്നു വാജ്‌പേയി സര്‍ക്കാര്‍. അതേ പാതയാണ് ഇപ്പോഴത്തെ ബിജെപി സര്‍ക്കാരും പിന്തുടരുന്നത്.
കശ്മീരിനു പുറത്തുള്ള ഇന്ത്യക്കാര്‍ കശ്മീര്‍ ജനതയെ സ്‌നേഹിക്കുന്നു. അതേസമയം കശ്മീര്‍ ജനതയുടെ പാരമ്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.