തിരുവനന്തപുരം: ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്തറി തുണിയുടെ രണ്ടു ജോടി യൂണിഫോം വീതം സര്‍ക്കാര്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു.
ഓരോ ജില്ലയ്ക്കും അവര്‍ ആവശ്യപ്പെടുന്ന നിറത്തിലും ഡിസൈനിലുമുള്ള യൂണിഫോം ആവും നല്‍കുക. കൈത്തറി മേഖലയെ പ്രോത്സാഹിപ്പിക്കാനാണ് ഈ തീരുമാനം.
നെയ്ത്തു തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 300 ദിവസമെങ്കിലും തൊഴില്‍ കിട്ടണം. സംസ്ഥാനത്തെ എല്ലാ നെയ്ത്തുശാലകളും ഉടന്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഖാദി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍.
ഖാദി മേഖലയെ കൈപിടിച്ചുയര്‍ത്താനുള്ള നടപടികളും സര്‍ക്കാര്‍ ആവിഷ്‌കരിക്കും. ഖാദി ഉപയോഗത്തിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരണം.
ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനവും കിട്ടണം. പരമ്പരാഗത രീതിയില്‍ കൈകൊണ്ടു ചെയ്യുന്ന ജോലികള്‍ യന്ത്രസഹായത്തോടെ ചെയ്യണം. എങ്കിലേ ഉത്പാദനം കൂടുകയുള്ളു. യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ സോളാര്‍ ഊര്‍ജ്ജം ഉപയോഗിക്കണം.