driving licenses fee increasing

ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സെടുക്കാനുള്ള ഫീസ് മൂന്നിരട്ടിയായി വര്‍ധിക്കും. പുതിയ ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ നിലവില്‍ 320 രൂപയായിരുന്നത് 1200 രൂപയായി വര്‍ധിക്കും.

ലേണേഴ്‌സ് ലൈസന്‍സിന് 30 രൂപയായിരുന്നത് 150 രൂപയാി വര്‍ധിക്കും. ലേണേഴ്‌സ് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിലേക്കായി 50 രൂപ വേറെയും നല്‍കണം.

മോട്ടോര്‍ വാഹന ചട്ട ഭേദഗതി ബില്‍ 2016 ലാണ് ഫീസ് നിരക്ക് വര്‍ധിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്നത്. ലൈസന്‍സ് പുതുക്കാന്‍ 50 രൂപയായിരുന്നത് 200 രൂപയാക്കി. ഇന്റര്‍നാഷണല്‍ ലൈസന്‍സിന് അപേക്ഷാ ഫീസ് 1000 രൂപയാക്കി.

നിലവില്‍ ഇത് 500 രൂപയായിരുന്നു. സ്മാര്‍ഡ് കാര്‍ഡ് രൂപത്തിലേക്ക് പഴയ ലൈസന്‍സ് മാറ്റിക്കിട്ടാന്‍ നിലവില്‍ 200 രൂപ നല്‍കേണ്ട സ്ഥാനത്ത് ഇനി 400 രൂപ നല്‍കണം.

ഇതിന് പുറമെ സംസ്ഥാനങ്ങള്‍ക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് അധിക നിരക്ക് ഈടാക്കാനും ബില്‍ അനുവാദം നല്‍കുന്നുണ്ട്. വാഹനം ഒന്നിന് 300 രൂപ വരെ ഈ രീതിയില്‍ ഈടാക്കാം.

ലൈറ്റ് മോട്ടോര്‍ വാഹനത്തിനും ഇരുചക്രവാഹനത്തിനും ഒന്നിച്ച് ലൈസന്‍സിനായി അപേക്ഷിക്കുമ്പോള്‍ 600 രൂപയായിരിക്കും ഫീസ്.

ഡ്രൈവിങ് ടെസ്റ്റിന്റെ നിരക്കായി 50 രൂപ വേറെയും നല്‍കണം. ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് ലൈസന്‍സ് കിട്ടാന്‍ 2500 രൂപയായിരുന്നത് 10,000 രൂപയായി നാലിരട്ടി വര്‍ധിപ്പിച്ചു. അതോടെ ഡ്രൈവിങ് പരിശീലനത്തിന് ഡ്രൈവിങ് സ്‌കൂളുകളും നിരക്ക് കൂട്ടുമെന്ന് ഉറപ്പ്.

മോട്ടോര്‍ വാഹന ചട്ട ഭേദഗതിയോടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് ചുമത്തുക.

Top