കേന്ദ്രത്തിന്റെ 9 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ കൊച്ചിയിലെത്തി

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച 9 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ ജാര്‍ഖണ്ഡില്‍ നിന്ന് കൊച്ചിയിലെത്തി. ഇതര സംസ്ഥാനങ്ങളില്‍ ടാങ്കര്‍ പിടിച്ചെടുക്കാനുള്ള ശ്രമം അതിജീവിച്ച് സാഹസികമായാണ് പ്രത്യേക ദൗത്യസംഘം റോഡ് മാര്‍ഗം ഓക്‌സിജന്‍ എത്തിച്ചത്. ജാര്‍ഖണ്ഡ് , പശ്ചിമബംഗാള്‍, ഒഡീഷ, ആന്ധ്രപ്രദേശ് , തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെ 2400 കിലോമീറ്റര്‍ പിന്നിട്ടായിരുന്നു യാത്ര. അടുത്ത ദിവസങ്ങളിലായി രണ്ടു ടാങ്കറുകളില്‍ നിന്ന് 18 ടണ്‍ ഓക്‌സിജന്‍ കൂടി എത്തും.

കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ ക്രയോജനിക് ടാങ്കറിലേക്ക് ഓക്‌സിജന്‍ മാറ്റി. കോയമ്പത്തൂര്‍ വ്യോമസേന വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച ജാര്‍ഖണ്ഡിലേക്ക് എയര്‍ലിഫ്റ്റ് ചെയ്ത ടാങ്കറാണ് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഓക്‌സിജന്‍ നിറച്ച് റോഡ്മാര്‍ഗം മടങ്ങിയെത്തിയത്.

യാത്രക്കിടെ ഒഡീഷയിലെ ഭുവനേശ്വറില്‍ വച്ച് ടാങ്കര്‍ പിടിച്ചെടുക്കാന്‍ സ്വകാര്യ ആശുപത്രികള്‍ ശ്രമിച്ചു. എന്നാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ആന്ധ്രാപ്രദേശിലെ പോച്ചം പള്ളിയിലും ടാങ്കര്‍ പിടിച്ചെടുക്കാന്‍ ശ്രമമുണ്ടായെങ്കിലും വാഹനം വെട്ടിച്ചു കടന്നു.

Top