ഇസ്ലാമാബാദ്: പെഷവാര്‍ സൈനിക സ്‌കൂള്‍ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനും പാക് താലിബാന്‍ ഭീകരനുമായ ഉമര്‍ മന്‍സൂര്‍ മൂന്നു കുട്ടികളുടെ പിതാവെന്നു റിപ്പോര്‍ട്ട്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഇയാള്‍ക്കുള്ളത്. ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പാക് താലിബാന്‍ പുറത്തുവിട്ട വിഡിയൊയില്‍ പ്രത്യക്ഷപ്പെട്ടത് ഉമര്‍ മന്‍സൂറായിരുന്നു. സംഘടനയിലെ ഏറ്റവും കാര്‍ക്കശ്യക്കാരനാണു മന്‍സൂറെന്നു റിപ്പോര്‍ട്ട്. നൊബേല്‍ സമ്മാന ജേതാവ് മലാല യുസുഫ് സായിയെ കൊല്ലാന്‍ ഉത്തരവിട്ട മുല്ല ഫസലുള്ളയുടെ അടുത്ത അനുയായി കൂടിയാണ് ഉമര്‍.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദ്രസയില്‍ ചേര്‍ന്ന ഉമര്‍, കഠിനഹൃദയത്തിന്റെ ഉടമ കൂടിയാണ്. 2007 ലാണ് ഇയാള്‍ താലിബാനില്‍ അംഗമാകുന്നത്. അധികം താമസിയാതെ കമാന്‍ഡറായി. ‘സ്ലിം’ എന്നാണ് സംഘടനയില്‍ ഇയാള്‍ അറിയപ്പെടുന്നത്. വോളിബോള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന ഉമര്‍, ക്രൂരതയുടെ ആള്‍ രൂപം കൂടിയാണെന്നു ഭീകരപ്രവര്‍ത്തനം അവസാനിപ്പിച്ച ചിലര്‍ പറയുന്നു.
ഞങ്ങളുടെ കുട്ടികളേയും സ്ത്രീകളേയും സൈന്യം രക്തസാക്ഷികളാക്കി. അതിനാല്‍ തന്നെ നിങ്ങളുടെ കുട്ടികളെയും വെറുതെ വിടില്ലെന്നായിരുന്നു വിഡിയൊയില്‍ പറഞ്ഞത്.