ഗാസ സിറ്റി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ 9061 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം. 23000 ലധികം പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടതില്‍ 3600ല്‍ അധികവും കുട്ടികളാണ്. ബോംബാക്രമണങ്ങള്‍ ലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ഇവിടെ ഭക്ഷണവും വെള്ളവും ഇന്ധനവും തുടങ്ങിയ അവശ്യ വസ്തുക്കളില്‍ ക്ഷാമം നേരിടുകയാണ്. ഇതുവരെ 242 പേരാണ് ഗാസയില്‍ ബന്ദികളാക്കപ്പെട്ടതെന്ന് ഇസ്രായേലി സൈന്യം അറിയിച്ചു.
അതേസമയം ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം ബഹ്റൈന്‍ വിച്ഛേദിച്ചിരിക്കുകയാണ്. ബഹ്‌റൈന്‍ അംബാസിഡറെ തിരിച്ചു വിളിച്ചിരിക്കുകയാണ്. എന്നാല്‍ ബഹ്‌റൈനില്‍ നിന്ന് അത്തരമൊരു പ്രഖ്യാപനവും ലഭിച്ചിട്ടില്ലെന്നും രാജ്യവുമായി നല്ല ബന്ധമാണെന്നുമാണ് ഇസ്രയേല്‍ വക്താക്കള്‍ പറയുന്നത്. ഗാസയില്‍ 20 ലക്ഷം ആളുകള്‍ കുടിവെളളമില്ലാത്ത അവസ്ഥയിലാണെന്ന് യുഎന്‍ അറിയിച്ചു. ഗാസയില്‍ നടക്കുന്നത് മനുഷ്യാവകാശ ധ്വംസനമാണെന്നും യുഎന്‍ അറിയിച്ചു.
ആശുപത്രികള്‍ക്ക് ആവശ്യം വന്നാല്‍ ഇന്ധനം അനുവദിക്കുമെന്ന് ഐഡിഎഫ് അറിയിച്ചു. ഒരാഴ്ചയോളമായി ഇന്ധനം തീരുമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇതുവരെ അത്തരമൊരു പ്രശ്‌നം ഉണ്ടായിട്ടില്ലെന്ന് ഐഡിഎഫ് പറഞ്ഞു. ഹമാസ് ഇന്ധനം പൂഴ്ത്തിവച്ചെന്നും സൈനിക ആവശ്യത്തിനായി അത് ഉപയോഗിക്കുകയാണെന്നും ആരോപിച്ച് യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസയിലേക്ക് എല്ലാ ഇന്ധന കയറ്റുമതിയും ഇസ്രായേല്‍ തടഞ്ഞു.