പാട്‌ന: ബിഹാറില്‍ ഗോപാല്‍ഗഞ്ച് ജില്ലയില്‍ ദുരൂഹസാഹചര്യത്തില്‍ പത്തു പേര്‍ മരിച്ചു. ഏഴ് പേര്‍ ഇന്നലെ വൈകുന്നേരവും മറ്റ് മൂന്നു പേര്‍ ഇന്ന് രാവിലെയുമാണ് മരിച്ചത്.
സംഭവത്തിനു പിന്നില്‍ വ്യാജ മദ്യമാണെന്നാണ് ആരോപണം ഉയരുന്നത്. ഒരാള്‍ ചികിത്സയിലാണ്. വ്യാജ മദ്യം കഴിച്ചാണ് മരണങ്ങള്‍ സംഭവിച്ചതെന്നാണ് മരിച്ചവരുടെ ബന്ധുക്കളും പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
രക്ത സാമ്പിളുകള്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൂടാതെ പൊലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ ലഭിക്കാതെ മരണകാരണം സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
മദ്യനിരോധനം വന്നതിനു ശേഷം ബിഹാറില്‍ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 13ന് വ്യാജ മദ്യം കഴിച്ച് മൂന്നു പേരാണ് മരിച്ചത്. രക്ഷപ്പെട്ടവര്‍ കാഴ്ചശക്തി നഷ്ടമാവുകയും ചെയ്തിരുന്നു.
ബിഹാറില്‍ വ്യാജ മദ്യ ദുരന്തങ്ങള്‍ ഉണ്ടായാല്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കര്‍ശനമായ ശിക്ഷകള്‍ നേരിടേണ്ടി വരും. വ്യാജ മദ്യ ബിസിനസില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ അല്ലെങ്കില്‍ പത്തുലക്ഷം പിഴയും ജീവപര്യന്തവുമാണ് ശിക്ഷ.