actor rahman remember sivaji ganesan

നടന ഇതിഹാസം ശിവാജി ഗണേശനൊപ്പമുള്ള ഓര്‍മകള്‍ പങ്കുവച്ച് റഹ്മാന്‍. ഒരു സിനിമയില്‍ മാത്രമേ ശിവാജിസാറിനൊപ്പം അഭിനയിച്ചൊള്ളൂവെന്നും പുതുതലമുറയിലെ നടന്‍മാര്‍ക്കൊന്നും കിട്ടാത്ത അപൂര്‍വ ഭാഗ്യമാണ് തനിക്ക് ലഭിച്ചതെന്നും റഹ്മാന്‍ പറയുന്നു…

റഹ്മാന്റെ കുറിപ്പ് വായിക്കാം

ശിവാജി ഗണേശന്‍ എന്ന അഭിനയ ചക്രവര്‍ത്തിക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ ആവേശത്തില്‍ മദിരാശിയിലെ എവിഎം സ്റ്റുഡിയോയിലേക്കു കടന്നു ചെല്ലുമ്പോള്‍ ഉള്ളില്‍ ചെറിയൊരു പേടിയുണ്ടായിരുന്നു. പറഞ്ഞിരുന്ന ദിവസത്തിലും ഒരു ദിവസം വൈകിയാണു ചെല്ലുന്നത് എന്നതായിരുന്നു ആ പേടിക്കു കാരണം.

‘അന്‍പുള്ള അപ്പാ’ എന്ന എന്റെ നാലാമത്തെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങായിരുന്നു അവിടെ. 1987ലാണെന്നാണ് ഓര്‍മ. കൊട്ടാരം പോലുള്ള വലിയൊരു വീട് സെറ്റിട്ടിരുന്നു. ഞാന്‍ അവിടെ എത്തുമ്പോള്‍ സംവിധായകന്‍ എ.സി ത്രിലോക് ചന്ദര്‍ സാര്‍ ഒരു സോഫായില്‍ ഇരിക്കുകയാണ്.ആ സോഫയില്‍ കൈകുത്തി നിന്ന് ഒരാള്‍ സംസാരിക്കുന്നുണ്ട്. ബാക്കി സെറ്റ് മുഴുവന്‍ ഇവരുടെ ചുറ്റും നില്‍ക്കുന്നു.

ചിത്രത്തിലെ പാട്ട് വലിയ ശബ്ദത്തില്‍ വച്ചിട്ടുണ്ട്. എല്ലാവരും പാട്ട് കേട്ടിരിക്കുകയാണ്.

ശിവാജി സാറിനെ പോലുള്ള വലിയ താരങ്ങളെ വച്ച് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള വലിയ സംവിധായകനാണ് ത്രിലോക് ചന്ദര്‍ സാര്‍. ഞാന്‍ നേരെ അദ്ദേഹത്തിന്റെ അടുത്തേക്കു ചെന്നു.

”വരൂ, റഹ്മാന്‍. ഇരിക്കൂ.” അദ്ദേഹത്തിന്റെ അടുത്തുള്ള സോഫയില്‍ ഞാനിരുന്നു. കാലിന്‍മേല്‍ കാലൊക്കെ കയറ്റിവച്ച് അല്‍പം ഗമയില്‍ തന്നെ. ചുറ്റും നില്‍ക്കുന്നവര്‍ ആരൊക്കെയാണെന്നു ഞാന്‍ ആദ്യം ശ്രദ്ധിച്ചതേയില്ല.

പക്ഷേ, എല്ലാവരും എന്നെ തന്നെ തുറിച്ചുനോക്കുകയായിരുന്നു. പലരുടെയും മുഖത്ത് അന്ധാളിപ്പ്, പരിഭ്രമം. എന്നോടെന്തോ പറയാന്‍ ആഗഹിക്കുന്നുണ്ട് അവരെന്ന് എനിക്കു തോന്നി. പക്ഷേ, ഞാന്‍ അതൊന്നും കാര്യമാക്കാതെ പാട്ടില്‍ ശ്രദ്ധിച്ചിരുന്നു.

പാട്ടു കേട്ടിരിക്കവേ, സംവിധായകന്റെ സോഫയില്‍ പിടിച്ചു കൊണ്ട് നിന്നിരുന്ന ആളെ ഞാനൊന്നു നോക്കി. അദ്ദേഹം എന്നെയും നോക്കി. ആ നോട്ടം….ദൈവമേ….എന്റെ നെഞ്ചിലൂടെ ഒരു ഇടിത്തീ പാഞ്ഞു. …ഞാന്‍ ചാടിയെഴുന്നേറ്റു. ശിവാജി സാര്‍….

മഹാനായ ആ നടന്‍ നില്‍ക്കുമ്പോഴാണോ ഞാന്‍ കാലിന്‍മേല്‍ കാലും കയറ്റിവച്ച് ഇത്രയും നേരം സോഫയിലിരുന്നത്? സെറ്റിലുള്ളവര്‍ എന്നെ
പകച്ചുനോക്കിയതിന്റെ കാര്യം എനിക്കപ്പോള്‍ മാത്രമാണു മനസിലായത്. പാട്ടു തീര്‍ന്നപ്പോള്‍ പേടിയോടെ ഞാന്‍ ശിവാജി സാറിന്റെ അടുത്തേക്കു ചെന്നു.

”സാര്‍, ഞാന്‍..”
”തെരിയും, തെരിയും…റഹ്മാന്‍. മലയാളത്തിലെ പെരിയ സ്റ്റാര്‍…” അദ്ദേഹം ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. അദ്ദേഹം എന്നെ കളിയാക്കിയതാണോ എന്നൊരുനിമിഷം ഞാന്‍ സംശയിച്ചു. പക്ഷേ, എന്റെ സിനിമകളെപ്പറ്റി വരെ അദ്ദേഹത്തിന് അറിയാമായിരുന്നുവെന്ന് സംസാരത്തില്‍ നിന്നു മനസിലായി. എന്റെ തോളത്തു തട്ടി അദ്ദേഹം അഭിനന്ദിച്ചപ്പോള്‍ ലോകം കീഴടക്കിയ സന്തോഷം ഞാന്‍ അനുഭവിച്ചു.

‘അന്‍പുള്ള അപ്പാ’യില്‍ നദിയാ മൊയ്തുവായിരുന്നു എന്റെ നായിക. ശിവാജി സാറി ന് നദിയായുടെ അച്ഛന്റെ വേഷമായിരുന്നു. അദ്ദേഹമായിരുന്നു ‘അന്‍പുള്ള അപ്പ’. ശിവാജി സാര്‍ ഉള്ള സെറ്റില്‍ വലിയൊരു ഭീതിയുടെ അന്തരീക്ഷമാണെന്നു നേരത്തെ കേട്ടിരുന്നു.

അദ്ദേഹം വന്നാല്‍ പിന്നെ മറ്റാരും മിണ്ടില്ല. ഒരു സിംഹത്തെ കാണുന്നപോലുള്ള പേടിയോടെയാണ് എല്ലാവരും അദ്ദേഹത്തെ നോക്കുക. ഗൗരവം നിറഞ്ഞ മുഖത്തോടെയാവും ആദ്യമൊക്കെ അദ്ദേഹവും നില്‍ക്കുക.

പക്ഷേ, അടുത്തു പരിചയപ്പെട്ടപ്പോള്‍ ഇത്തരം മുന്‍വിധികളൊക്കെ എനിക്കു മാറ്റേണ്ടിവന്നു. സംസാരിച്ചുതുടങ്ങിയാല്‍ പിന്നെ അദ്ദേഹം സ്‌നേഹസമ്പന്നനായ ഒരു നല്ല മനുഷ്യനായി മാറും. തമാശകള്‍ പറഞ്ഞ് ഉറക്കെ ചിരിക്കും.

താനൊരു വലിയ നടനാണെന്ന ചിന്തയൊന്നും അദ്ദേഹത്തിനില്ലായിരുന്നു. അങ്ങനെ നമ്മളോടു പെരുമാറുകയുമില്ല. തമിഴില്‍ അന്ന്, ചുരുക്കം ചിത്രങ്ങളിലെ ഞാനഭിനയിച്ചിട്ടുള്ളു. പക്ഷേ, വലിയൊരു നടനോടു കാണിക്കുന്ന ബഹുമാനം അദ്ദേഹം എന്നോടും കാണിച്ചു.

അദ്ദേഹത്തിന്റെ പെരുമാറ്റം കാണുമ്പോള്‍ അഹങ്കാരമല്ല, വിനയമാണ് നമുക്ക് ഉണ്ടാവുക. മറ്റുള്ളവരോടു എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുന്നതാണു ശിവാജി സാറിന്റെ ഇടപെടല്‍.

ആദ്യ കാഴ്ചയില്‍ അദ്ദേഹമെന്നോടു സ്‌നേഹപൂര്‍വം സംസാരിച്ചെങ്കിലും അന്നു ഉച്ചവരെ എന്റെ ചിന്ത എന്റെ ആദ്യ പെരുമാറ്റം അഹന്തയായി അദ്ദേഹത്തിനു തോന്നിയിട്ടുണ്ടാവുമോ എന്നതായിരുന്നു.

എ,വി.എം സ്റ്റുഡിയോയില്‍ ശിവാജി സാറിനു സ്വന്തമായി ഒരു മുറിയുണ്ട്. ഷൂട്ടിങ് ഇടവേളകളില്‍ അദ്ദേഹം അവിടെയാണു വിശ്രമിച്ചിരുന്നത്. ഉച്ചയ്ക്ക് ഊണിന്റെ സമയമായപ്പോള്‍ അദ്ദേഹം ആളെ വിട്ട് എന്നെ വിളിപ്പിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ മുറിയിലേക്കു ചെന്നു.

വീട്ടില്‍ നിന്നു കൊണ്ടു വന്ന ബിരിയാണിപാത്രം തുറന്ന് എനിക്കും സംവിധായകന്‍ ത്രിലോക് ചന്ദര്‍ സാറിനും അദ്ദേഹം തന്നെ വിളമ്പിതന്നു. ‘ശാപ്പിട്, ശാപ്പിട്’ എന്നു പറഞ്ഞു നിര്‍ബന്ധിച്ച് അദ്ദേഹം ഞങ്ങളെ ഭക്ഷണം കഴിപ്പിച്ചു. ഭക്ഷണത്തെക്കുറിച്ചു മാത്രമാണ് അദ്ദേഹം അപ്പോഴൊക്കെയും സംസാരിച്ചത്.

ശിവാജി സാറിന്റെ മകന്‍ പ്രഭുവുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. ആ സ്‌നേഹബന്ധം ഇപ്പോഴും ശക്തമായി തുടരുന്നു.ശിവാജി സാറിനെ പോലെ തന്നെയായിരുന്നു പ്രഭുവും. ഭക്ഷണക്കാര്യത്തില്‍ പ്രത്യേകിച്ചും. നമ്മളെ നിര്‍ബന്ധിച്ചു കഴിപ്പിക്കും.

ഇടയ്ക്കു വീട്ടിലേക്ക് വിളിച്ച് വിരുന്നു തരും. നല്ല ഭക്ഷണം നമ്മളെ കൊണ്ടു കഴിപ്പിക്കുന്നതിലായിരുന്നു ശിവാജിസാറിനെപ്പോലെ പ്രഭുവിന്റെയും ആനന്ദം.

ഒരു സിനിമയില്‍ മാത്രമേ ശിവാജിസാറിനൊപ്പം ഞാനഭിനയിച്ചുള്ളു. പക്ഷേ, അതു തന്നെ മഹാഭാഗ്യം എന്നാണു ഞാന്‍ കരുതുന്നത്.

Top