മുംബൈ: കേരളം ആസ്ഥാനമായുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ (എസ്.ബി.ടി.) ഏറ്റെടുക്കാനുള്ള നടപടിക്ക് എസ്.ബി.ഐ. ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം.
വ്യാഴാഴ്ച മുംബൈയില്‍ ചേര്‍ന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സാണ് എസ്.ബി.ടി. ഉള്‍പ്പെടെ മൂന്ന് അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും തങ്ങളില്‍ ലയിപ്പിക്കാനുള്ള നടപടിക്ക് അനുമതി നല്‍കിയത്.
ലയനത്തോടെ എസ്.ബി.ടി. ഓഹരി ഉടമകള്‍ക്ക് 10 രൂപ മുഖവിലയുള്ള ഓരോ പത്ത് ഓഹരിക്കും പകരമായി ഒരു രൂപ മുഖവിലയുള്ള എസ്.ബി.ഐ.യുടെ 22 ഓഹരികള്‍ ലഭിക്കും.
നിലവിലെ ഓഹരി വില അനുസരിച്ച് 5,058 രൂപയുടെ എസ്.ബി.ടി. ഓഹരികള്‍ക്ക് പകരമായി 5,460 രൂപയുടെ എസ്.ബി.ഐ. ഓഹരികള്‍ ലഭിക്കും.
വ്യാഴാഴ്ചത്തെ ക്ലോസിങ് നിരക്ക് അനുസരിച്ച് 10 രൂപ മുഖവിലയുള്ള എസ്.ബി.ടി.യുടെ ഓഹരി വില 505.85 രൂപയും ഒരു രൂപ മുഖവിലയുള്ള എസ്.ബി.ഐ.യുടെ ഓഹരി വില 248.20 രൂപയുമാണ്.
എസ്.ബി.ടി., മഹിളാ ബാങ്ക് എന്നിവയ്ക്ക് പുറമെ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍ എന്നിവയും എസ്.ബി.ഐ.യില്‍ ലയിക്കും. ഇവയുടെയും ലയനാനുപാതം നിശ്ചയിച്ചു. അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല എന്നിവയുടെ ലയനാനുപാതം തീരുമാനിച്ചിട്ടില്ല