റിയോ ഡെ ജനീറോ: ലോകകപ്പ് ഫുട്ബാളില്‍ ജര്‍മനിയോടേറ്റ കനത്ത തോല്‍വിക്ക് പകരം വീട്ടി ബ്രസീല്‍ റിയോ ഒളിമ്പിക്‌സില്‍ ഫുട്ബാള്‍ ജേതാക്കളായി.
പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബ്രസീല്‍ ചരിത്ര വിജയം നേടിയത്. നായകന്‍ നെയ്മര്‍ തൊടുത്ത അവസാന പെനാല്‍റ്റി ജര്‍മനിയുടെ വല കുലുക്കി ഒളിമ്പിക്‌സിലെ ആദ്യ സ്വര്‍ണം ബ്രസീലിന് സമ്മാനിച്ചു.
ബ്രസീല്‍ ആക്രമണത്തില്‍ ഊന്നിയ മത്സരമാണ് ആദ്യ മിനിറ്റുകളില്‍ തന്നെ പുറത്തെടുത്തത്. നിരവധി ഗോള്‍ അവസരങ്ങള്‍ ബ്രസീല്‍ തുറന്നെടുത്തെങ്കിലും 27ാം മിനിറ്റിലാണ് നെയ്മറിലൂടെ ആദ്യ ഗോള്‍ പിറന്നത്.
വൈകാതെ തന്നെ സമനില ഗോള്‍ ജര്‍മനി തൊടുത്തു. 59ാം മിനിറ്റില്‍ ജര്‍മനി ക്യാപ്റ്റന്‍ മാക്‌സി മില്ല്യന്‍ മേയറാണ് ബ്രസീല്‍ വല കുലുക്കിയത്.നെയ്മറുടെ പെനാല്‍റ്റി കിക്ക്
നിശ്ചിത സമയത്തില്‍ തന്നെ വിജയ ഗോള്‍ നേടാന്‍ ഇരുടീമുകളും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് അധിക സമയത്തും ഗോള്‍ പിറക്കാത്തതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. നെയ്മറെ കൂടാതെ ഓഗസ്‌റ്റോ റെനാറ്റോ, മാര്‍ക്ക്യുഞ്ഞോസ്, റാഫേല്‍ അല്‍കാന്ററ, ലുവാന്‍ എന്നിവര്‍ ബ്രസീലിനായി പെനാല്‍റ്റി ഗോള്‍ നേടി.
ജര്‍മനിക്കായി മത്തിയസ് ജിന്റര്‍, സെര്‍ജി ഗാന്‍ബ്രി, ജൂലിയന്‍ ബ്രാന്‍ഡറ്റ്, നിക്കളോസ് സ്യൂലെ എന്നിവര്‍ പെനാലിറ്റി നേടി. എന്നാല്‍ നില്‍സ് പീറ്റേഴ്‌സിന് ലക്ഷ്യം പിഴച്ചു. സ്വന്തം തട്ടകത്തിലെ മിന്നും വിജയത്തിനും മധുര പ്രതികാരത്തിനും ശേഷം ബ്രസീല്‍ ഫുട്ബാള്‍ ടീമിന്റെ ക്യാപ്റ്റന്‍ പദവി നെയ്മര്‍ ഒഴിഞ്ഞു.