is recruitment in mumbai

മുംബൈ: മുംബൈയില്‍ ദമ്പതികളടക്കം അഞ്ചുപേര്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിന് രാജ്യംവിട്ടതായി റിപ്പോര്‍ട്ട്. അഷ്ഫാഖ് അഹമ്മദ് (26), ഇയാളുടെ ഭാര്യ, കുഞ്ഞ്, ബന്ധുവായ മൊഹമ്മദ് സിറാജ് (22), ഇജാസ് റഹ്മാന്‍ എന്നിവരടങ്ങുന്ന സംഘമാണ് രാജ്യംവിട്ടത്.

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ രാജ്യംവിട്ടെന്നും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാണിച്ചുള്ള അഷ്ഫാഖിന്റെ സന്ദേശം ഇയാളുടെ ഇളയസഹോദരന് കഴിഞ്ഞ ജൂണ്‍ അവസാനം ലഭിച്ചു. മാതാപിതാക്കളെ സംരക്ഷിക്കണമെന്ന് സന്ദേശത്തിലൂടെ അഷ്ഫാഖ് സഹോദരനോട് ആവശ്യപ്പെട്ടിരുന്നു.

അഷ്ഫാഖിന്റെ പിതാവ് അബ്ദുള്‍ മജീദ് ആഗസ്റ്റ് ആറിന് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിരുന്നു. മതപ്രഭാഷകനായ മുഹമ്മദ് ഹനീഫ്, അഷ്ഫാഖിനൊപ്പം സിറിയ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള ഒരു സ്‌കൂള്‍ അധ്യാപകന്‍, നവി മുംബൈ സ്വദേശി ആര്‍ഷി ഖുറേഷി, കല്ല്യാണ്‍ സ്വദേശി റിസ്വാന്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് തന്റെ മകനെ ഐഎസില്‍ ചേര്‍ത്തതെന്ന് മജീദ് പരാതിയില്‍ പറയുന്നു.

ഇവരില്‍ മതപ്രഭാഷകനായ മുഹമ്മദ് ഹനീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ആര്‍ഷി ഖുറേഷിയും റിസ്വാന്‍ ഖാനും മലയാളികളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ ഇപ്പോള്‍ കേരളെപാലീസിന്റെ കസ്റ്റഡിയിലുണ്ട്.

താനും കുടുംബവും ബര്‍വേലി വിഭാഗം മുസ്ലീങ്ങളാണ്. തന്റെ മകന്‍ 2014 ല്‍ അല്‍ ഇ ഹദീസ് വിഭാഗത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി അബ്ദുള്‍ മജീദ് പരാതിയില്‍ പറയുന്നു. അതേവര്‍ഷം ഏപ്രിലില്‍ അഷ്ഫാഖ് വിവാഹിതനായെങ്കിലും വൈകിയാണ് അക്കാര്യം തങ്ങള്‍ അറിഞ്ഞതെന്നും പരാതിയിലുണ്ട്.

മജീദിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് കാണാതായ അഷ്ഫാഖ്. ഇയാളുടെ ഭാര്യ സ്വന്തം ഇഷ്ടപ്രകാരം രാജ്യം വിട്ടതാണോ അതോ നിര്‍ബന്ധിച്ച് കൊണ്ടുപോയതാണോ എന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ അഷ്ഫാഖും ഭാര്യയും ശ്രീലങ്കയില്‍ മതപഠനത്തിന് പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

2014 മുതല്‍ അഷ്ഫാഖിന്റെ പെരുമാറ്റത്തിലും ജീവിതരീതികളിലും വ്യത്യാസം കണ്ടുതുടങ്ങിയതായി മജീദ് പരാതിയില്‍ പറയുന്നു. പാട്ട് കേള്‍ക്കുന്നതും സിനിമ കാണുന്നതും അഷ്ഫാഖ് നിര്‍ത്തി. വസ്ത്രധാരണരീതി മാറി. താടി നീട്ടി വളര്‍ത്താന്‍ തുടങ്ങി. അഷ്ഫാഖില്‍ പൊടുന്നനെയുണ്ടായ ഈ മാറ്റങ്ങള്‍ കുടുംബത്തെ ആശങ്കപ്പെടുത്തിയിരുന്നുവെന്ന് മജീദ് പറയുന്നു.

കാണാതായ ഇജാസ് റഹ്മാന്‍, മൊഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പമായിരുന്നു അഷ്ഫാഖ് അധികസമയവും ചിലവഴിച്ചിരുന്നത്. ബന്ധുക്കളായ ഇവരുടെ അടുപ്പത്തിലോ സംഭാഷണത്തിലോ മറ്റുള്ളവര്‍ക്ക് സംശയം തോന്നിയിരുന്നുമില്ല.

”ഇത് ഞെട്ടിപ്പിക്കുന്നതാണ്, നിരോധിത സംഘടനയില്‍ ചേരുന്നതിനായി ഒരു കുടുംബത്തിലെ നാലുപേര്‍ കുഞ്ഞുമായി രാജ്യം വിട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മതപ്രഭാഷകനായ മുഹമ്മദ് ഹനീഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ടെന്നും
ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥന്‍ മുംബൈയില്‍ പറഞ്ഞു.

Top