പട്യാല: ഹോസ്റ്റല്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ദേശീയ കായിക താരം ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്.
ഹാന്‍ഡ്‌ബോള്‍ താരവും പഞ്ചാബ് ഖല്‍സാ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുമായ പൂജ (20) ആണ് ആത്മഹത്യ ചെയ്തത്.
ഹോസ്റ്റല്‍ ഫീസും യാത്രാ ചെലവും തനിക്ക് വഹിക്കാനാവാത്തതിനാല്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പെണ്‍കുട്ടി പ്രധാനമന്ത്രിക്ക് എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
ഹേസ്റ്റല്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് കഴിഞ്ഞ വര്‍ഷം പൂജക്ക് കോളജില്‍ പ്രവേശനം നല്‍കിയത്. എന്നാല്‍, ഈ വര്‍ഷം മുതല്‍ സൗജന്യ ഹോസ്റ്റല്‍ താമസം നിഷേധിക്കുകയായിരുന്നു.
വീട്ടില്‍ നിന്നും കോളജിലേക്ക് പോകാന്‍ ദിവസവും 120 രൂപ ചെലവാകുമെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്.
പിതാവ് പച്ചക്കറി വ്യാപാരിയായതിനാല്‍ കുടുംബത്തിന് പൂജയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താല്‍ കോളജില്‍ പോകുന്നത് നിര്‍ത്താന്‍ പൂജ ആലോചിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, പെണ്‍കുട്ടിക്ക് കോളജില്‍ പണം നല്‍കാതെ പ്രവേശനം നല്‍കിയിരുന്നെങ്കിലും സൗജന്യ ഹോസ്റ്റല്‍ സൗകര്യം വാഗ്ദാനം ചെയ്തിരുന്നില്ലെന്നാണ് അധികൃതരുടെ വാദം.