ബാങ്കോക്: പഠിക്കാൻ പ്രായം ഒരു തടസമല്ല, അതിനു പ്രയത്നിക്കാനുള്ള മനസാണ് വേണ്ടതെന്ന് 91കാരിയായ കിംലാൻ ജിനാകുൾ മുത്തശ്ശി തെളിയിച്ചിരിക്കുകയാണ്.
91ാം വയസ്സിൽ ബിരുദം നേടി ഏവരെയും അത്ഭുതപെടുത്തിയിരിക്കുകയാണ് കിംലാൻ ജിനാകുൾ.
10 വർഷം കഠിനപ്രയത്നം ചെയ്താണ് ‘മനുഷ്യനും കുടുംബവികാസവും’ എന്ന വിഷയത്തിൽ മുത്തശ്ശി ബിരുദം സ്വന്തമാക്കിയത്.
സർക്കാർ അംഗീകാരമുള്ള ഒാപൺ സർവകലാശാലയിലായിരുന്നു പഠനം. പഠിക്കുകയോ വായിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ നമുക്ക് സംസാരിക്കാനോ വിവേകത്തോടെ പ്രവർത്തിക്കാനോ സാധിക്കില്ലെന്ന് ബിരുദദാനചടങ്ങിനു ശേഷം കിംലാൻ പറഞ്ഞത്.
ജീവിതസാഹചര്യങ്ങളും, തായ്ലൻഡിൽ നിന്ന് ബാങ്കോക്കിലേക്കുള്ള താമസം മാറ്റവും, വിവാഹവും
തുടർപഠനത്തിന് തടസ്സമായി. അപ്പോഴും പഠിക്കണമെന്ന ആഗ്രഹം മനസിലുണ്ടായിരുന്നു മുത്തശ്ശിക്ക്.
മക്കളുടെയും പേരമക്കളുടെയും വിദ്യാഭ്യാസത്തിൽ വിട്ടുവീഴ്ചക്കൊരുക്കമല്ലായിരുന്നു ഇൗ തായ് മുത്തശ്ശി. മക്കളിൽ നാലുപേരും ബിരുദാനന്തര ബിരുദധാരികളാണ്.
പെൺമക്കളിലൊരാൾ സുഖോതായ് തമ്മതതിറാത് ഒാപൺ യൂനിവേഴ്സിറ്റിയിൽ പഠിക്കാൻ ചേർന്നപ്പോഴാണ് താനും ഒപ്പമുണ്ടെന്ന് അവർ പറയുന്നത്.
അമ്മയും മകളും ഒരുമിച്ച് പഠനം ആരംഭിച്ചു. അപ്രതീക്ഷിതമായുണ്ടായ മകളുടെ മരണം അവരെ തളർത്തി. പഠനവും നിർത്തിയ കിംലാൻ പിന്നീട് വീണ്ടും തുടർന്നുപഠിക്കുകയായിരുന്നു.
ബിരുദദാന ചടങ്ങിൽ തായ് രാജാവ് മഹാ വജ്രലോംഗോണിൽ നിന്നാണ് അവർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. തായ് സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ രാജകുടുംബത്തിലുള്ളവരാണ് വിതരണം ചെയ്യുന്നത്.
60 വയസ്സിനു മുകളിലുള്ള 199 വിദ്യാർഥികൾ ഇൗവർഷം സുഖോതായ് തമ്മതതിറാത് ഒാപൺ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്നുണ്ട്.