ബാലസോര്‍: ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ മൃതദേഹം കിലോമീറ്ററോളം തോളില്‍ ചുമന്ന വാര്‍ത്ത പുറംലോകത്തത്തെിയതിനു പിന്നാലെ ഒഡീഷയില്‍ നിന്ന് മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തകൂടി.
ചുമന്നുകൊണ്ടുപോകുന്നതിനുള്ള സൗകര്യത്തിനായി മൃതദേഹം ചവിട്ടി ഒടിച്ച് പൊതികെട്ടി തോളിലേറ്റികൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലാണ് സംഭവം.
സോറോ ടൗണിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റററില്‍ മരിച്ച സാലാമണി ബാരിക് എന്ന 76 കാരിയായ വിധവയുടെ മൃതദേഹമാണ് ആംബുലന്‍സ് ഇല്ലാത്തതിനാല്‍ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികള്‍ രണ്ടായി ഒടിച്ച് പൊതിഞ്ഞുകെട്ടി റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
പോസ്റ്റ്‌മോര്‍ട്ടത്തിനായി നഗരത്തിലത്തെിക്കുന്നതിന് ആംബുലന്‍സ് സേവനം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് മൃതദേഹം തീവണ്ടിയില്‍ നഗരത്തിലത്തെിക്കാന്‍ പൊലീസ് നിര്‍ദേശിക്കുകയായിരുന്നു. മൃതദേഹം റെയില്‍വേ സ്റ്റേഷനിലത്തെിക്കാന്‍ പൊലീസ് ആശുപത്രിയിലെ സീപ്പര്‍ തൊഴിലാളികളെ ചുമതലപ്പെടുത്തുകയും ചെയ്തു.
ചുമക്കുന്നതിനുള്ള സൗകര്യത്തിന് വേണ്ടി ശവശരീരം ഇടുപ്പുഭാഗത്തുനിന്ന് ചവിട്ടി ഒടിച്ച് രണ്ടായി മടക്കി പ്ലാസിറ്റിക് കവറില്‍ പൊതിയുകയായിരുന്നു.
പൊതിഞ്ഞുകെട്ടിയ മൃതദേഹം മുളയില്‍ കെട്ടി രണ്ടുപേര്‍ ചുമന്ന് നിരത്തിലൂടെ പോകുന്ന ദൃശ്യങ്ങളാണ് ചാനലിലൂടെ പറുത്തുവന്നിരിക്കുന്നത്.
പൊതിഞ്ഞ മൃതദേഹം തൊഴിലാളികള്‍ ചുമന്ന് രണ്ടുകിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.
മൃതദേഹത്തോട് അനാദരവ് കാണിക്കുന്നത് കണ്ടുനില്‍ക്കാനേ കഴിഞ്ഞുള്ളൂയെന്ന് മരിച്ച സ്ത്രീയുടെ മകന്‍ രബീന്ദ്ര ബാരിക് പറഞ്ഞു. ഓട്ടോറിക്ഷ വാടകക്കെടുത്ത് മൃതദേഹം കൊണ്ടുപോകാനുള്ള പണമില്ലായിരുന്നു.അധികൃതരോട് നീതിക്ക് വേണ്ടി അപേക്ഷിക്കുകയാണെന്നും രബീന്ദ്ര ബാരിക് പറഞ്ഞു.
മൃതദേഹത്തോട് ഇത്തരത്തില്‍ അനാദരവ് കാണിച്ച് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച സംഭവത്തില്‍ ഒഡീഷ മനുഷ്യാവകാശ കമ്മീഷന്‍ റെയില്‍വേ പൊലീസിനോട് വിശദീകരണം ആരാഞ്ഞു.
ഒഡീഷയില്‍ കാളഹന്ദിയില്‍ ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹവും ചുമലിലേറ്റി മകള്‍ക്കൊപ്പം കിലോമീറ്റുകള്‍ താണ്ടിയ വാര്‍ത്ത സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.