samsung introduce scoop bluetooth speaker

വീട്ടിലെ ഇലക്‌ട്രോണിക് ഉപകരണങ്ങളുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന വോയ്‌സ് ആക്റ്റിവേറ്റഡ് ബ്ലൂടൂത്ത് സ്പീക്കറുകള്‍ വിദേശവിപണികളില്‍ വലിയ ചലനമുണ്ടാക്കുകയാണിപ്പോള്‍. ടി.വിയും മ്യൂസിക് സിസ്റ്റവും എ.സിയുമൊക്കെ ഈ സ്പീക്കറുകള്‍ വഴി നിയന്ത്രിക്കാനാകും.

ആമസോണ്‍ ഇറക്കിയ ‘ഇക്കോ’ ( Amazon Echo ) എന്ന സ്പീക്കറിന്റെ 30 ലക്ഷം യൂണിറ്റുള്‍ ഇതിനകം വിറ്റുപോയിട്ടുണ്ട്.

ബൈബിള്‍ വചനങ്ങള്‍ വായിക്കുക തൊട്ട് യൂബര്‍ ടാക്‌സി ബുക്കുചെയ്യുക വരെയുളള മുന്നൂറിലേറെ കാര്യങ്ങള്‍ ചെയ്യാന്‍ ഇക്കോയ്ക്കാകും.

180 ഡോളറാണ് (12,077 രൂപ) ഇക്കോയുടെ വില. അത് കണ്ട് ‘ഹോം’ എന്ന പേരില്‍ ഗൂഗിളും ഇതേമട്ടിലൊരു ഡിവൈസ് തയ്യാറാക്കുകയാണ്.

ഇപ്പോഴിതാ സാംസങും വോയ്‌സ് ആക്റ്റിവേറ്റഡ് ബ്ലൂടൂത്ത് സ്പീക്കര്‍ അവതരിപ്പിക്കാനൊരുങ്ങിക്കഴിഞ്ഞു. ‘സ്‌കൂപ്പ്’ ( Samsung Scoop ) എന്നാണ് ഈ ഡിവൈസിന് സാംസങ് ഇട്ടിരിക്കുന്ന പേര്.

പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ച സ്‌കൂപ്പിന്റെ വില്പനാനുമതി തേടി യു.എസ്. ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന് മുമ്പാകെ സാംസങ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അപേക്ഷയ്‌ക്കൊപ്പം സ്‌കൂപ്പിന്റെ ഫോട്ടോകളും യൂസര്‍മാന്വലും കമ്മീഷന് നല്‍കിയിരുന്നു.

ഈ വിവരങ്ങളും ഫോട്ടോകളും ചോര്‍ത്തിയെടുത്തുകൊണ്ട് ഓസ്‌ഡ്രോയിഡ് എന്ന ടെക്‌നോളജി സൈറ്റാണ് ‘സ്‌കൂപ്പ്’ ഇറങ്ങുന്നുവെന്ന ന്യൂസ് സ്‌കൂപ്പ് പുറത്തുവിട്ടത്.

പത്ത് സെന്റിമീറ്റര്‍ മാത്രം വ്യാസമുള്ള കുഞ്ഞുസ്പീക്കറാണ് സാംസങ് സ്‌കൂപ്പ്. മുകളില്‍ ഒരു പവര്‍ ഇന്‍ഡിക്കേറ്റര്‍ ലൈറ്റ്, വശങ്ങളില്‍ വോയ്‌സ് ബട്ടന്‍, ബ്ലൂടൂത്ത് പെയറിങ് ബട്ടനായും പ്രവര്‍ത്തിക്കുന്ന പ്ലേ ബട്ടന്‍, പ്ലേ ബട്ടന് സമീപത്തായി യുഎസ്ബി ജാക്കും ചാര്‍ജിങ് പോട്ടുമാണ് സ്‌കൂപ്പിന് മുകളിലുള്ളത്.

കൈയില്‍ തൂക്കിയിടാനുള്ള സൗകര്യത്തിനായി സ്ട്രാപ്പോടു കൂടിയാണ് സ്‌കൂപ്പിന്റെ വരവ്.

ഇത്ര വലിയ കമ്പനിയായിട്ടുപോലും സ്പീച്ച് റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയില്‍ സാംസങിന് വലിയ മുന്നേറ്റമൊന്നും സാധ്യമായിട്ടില്ല.

ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ബെയ്ഡു തുടങ്ങിയ കമ്പനികളാണ് ഈ രംഗത്തെ കേമന്‍മാര്‍. ആപ്പിളിന്റെ ‘സിരി’, ഗൂഗിളിന്റെ ‘ഗൂഗിള്‍ നൗ’, മൈക്രോസോഫ്റ്റിന്റെ ‘കോര്‍ട്ടാന’, ബെയ്ഡുവിന്റെ ‘ഡ്യുവര്‍’ എന്നീ ഡിജിറ്റല്‍ വോയ്‌സ് അസിസ്റ്റന്റ് സംവിധാനങ്ങള്‍ പ്രവര്‍ത്തനമികവില്‍ പേരുകേട്ടവയാണ്.

‘സ്‌കൂപ്പ്’ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ സ്പീച്ച് റെക്കഗ്‌നിഷന്‍ സംവിധാനം സാംസങിന് എവിടെനിന്ന് ലഭിക്കും എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

സാംസങ് അത് സ്വന്തമായി വികസിപ്പിച്ചെടുക്കുമോ അതോ ഗൂഗിളിന്റെ സഹായം തേടുമോ എന്നാണ് അറിയാനുള്ളത്.

അടുത്തയാഴ്ച ബര്‍ലിനില്‍ ആരംഭിക്കുന്ന ഐ.എഫ്.എ. ട്രേഡ് ഷോയില്‍ ‘സ്‌കൂപ്പ്’ ഔദ്യോഗികമായി അവതരിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്.

Top