ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നിലനില്‍ക്കുന്ന കശ്മീരില്‍ ഹുര്‍റിയത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വാഇസ് ഉമര്‍ ഫാറൂഖ് അറസ്റ്റില്‍
നിരവധി തവണ വീട്ടുതടങ്കലിലാക്കിയിട്ടുണ്ടെങ്കിലും പൊലീസ് ആദ്യമായാണ് ഉമര്‍ ഫാറൂഖിനെ അറസ്റ്റ് ചെയ്യുന്നത്. ഈദ്ഗാഹ് മേഖലയിലേക്ക് മാര്‍ച്ച് നടത്താനുള്ള ശ്രമത്തിനിടെയാണ് വെള്ളിയാഴ്ച ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത്.
ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചേഷ്മ ഷാഹിയിലേക്ക് മാറ്റുകയുമായിരുന്നു.
അതേസമയം മേഖലയില്‍ സാധാരണ നില പുനസ്ഥാപിക്കപ്പെടുന്നതുവരെയുള്ള താല്‍കാലിക നടപടിയാണിതെന്ന് സംസ്ഥാന സര്‍ക്കാര്‍ വക്താവും വിദ്യാഭ്യാസ മന്ത്രിയുമായ നഈം അക്തര്‍ അറിയിച്ചു.
എന്നാല്‍ സംസ്ഥാന പൊലീസ് ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ തയാറായിട്ടില്ല. മിര്‍വാഇസിന്റെ അറസ്റ്റിനെ വിഘടന വാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനി അപലപിച്ചു.
സംസ്ഥാനത്തിന്റെയും കേന്ദ്ര ഭരണ കൂടത്തിന്റെയും ഭീരുത്വവും ബാലിശവുമായ നീക്കമാണിതെന്നാണ് ഗീലാനി അറസ്റ്റിനോട് പ്രതികരിച്ചത്.
ജൂലൈ എട്ടിന് ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് കശ്മീരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്.
ഇതിനെ തുടര്‍ന്ന് കശ്മീരില്‍ 50 ദിവസമായി കര്‍ഫ്യൂ തുടരുകയാണ്. പ്രക്ഷോഭകരും സുരക്ഷ സൈനികരുമായുള്ള സംഘര്‍ഷത്തില്‍ ഇതുവരെ 70 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.