Jeep Wrangler

റാംങ്ക്‌ളര്‍ അണ്‍ലിമിറ്റഡ്, ഗ്രാന്റ് ചെറോക്കി ലിമിറ്റഡ്, ഗ്രാന്റ് ചെറോക്കി എസ്ആര്‍ടി എന്നീ മൂന്ന് മോഡലുകളുമായാണ് ജീപ്പ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്

വാഹന പ്രേമികളുടെ ഏറെനാള്‍ നീണ്ട കാത്തിരിപ്പിന് വിരാമംകുറിച്ച് അമേരിക്കന്‍ വാഹന നിര്‍മ്മാതാവായ ജീപ്പ് വാഹനങ്ങള്‍ ഇന്ത്യയില്‍ പുറത്തിറക്കി. റാംങ്ക്‌ളര്‍ അണ്‍ലിമിറ്റഡ്, ഗ്രാന്റ് ചെറോക്കി, ഗ്രാന്റ് ചെറോക്കി എസ്ആര്‍ടി എന്നീ മൂന്ന് മോഡലുകളുമായാണ് ജീപ്പ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധ കാലത്ത് 1941ല്‍ പിറവിയെടുത്ത ജീപ്പ്, ഐതിഹാസിക കുതിപ്പിന്റെ 75ാം വാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായി പുറത്തിറക്കിയ റാംങ്ക്‌ളര്‍ അണ്‍ലിമിറ്റഡിന് 71,59,104 രൂപയും, ഗ്രാന്റ് ചെറോക്കി ലിമിറ്റഡിന് 93,64,527 രൂപയും ഗ്രാന്റ് ചെറോക്കി എസ്ആര്‍ടിക്ക് 1,12,07,825 രൂപയും ഡല്‍ഹി എക്‌സ്‌ഷോറൂം വില.

ചെറോക്കിയുടെ സമ്മിറ്റ് പതിപ്പും കമ്പനി ഇന്ത്യയിലെത്തിച്ചിട്ടുണ്ട്, 1.3 കോടിയാണ് വിപണി വില.
wrangler unlimited
ഓഫ് റോഡ് വാഹനമായിട്ടാണ് റാംങ്ക്‌ളറിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 5 സ്പീഡ് ട്രാന്‍സ്മിഷനില്‍ 2.8 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 200പിഎസ് കരുത്തും 460എന്‍എം നല്‍കും.

കാലങ്ങളായി ജീപ്പ് പിന്‍തുടര്‍ന്നു വന്ന അതെ ഡിസൈന്‍ ഫീച്ചറില്‍ വലിയ മാറ്റമില്ലാതെ തന്നെ റാംങ്ക്‌ളറിന്റെ മുന്‍ഭാഗം രൂപപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ അകത്തളത്തില്‍ കാര്യമായ മാറ്റങ്ങളുണ്ട്. ലെതര്‍ അപ്‌ഹോള്‍സ്‌ട്രെ, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ്, ഓട്ടോമാറ്റിക് എയര്‍ കണ്ടീഷനിംഗ് എന്നിവയാണ് പുത്തന്‍ സവിശേഷതകള്‍.

ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനും 5 സ്പീഡ് ഓട്ടാമറ്റിക് ട്രാന്‍സ്മിഷനുമാണ് റാംങ്ക്‌ളറിന്റെ മറ്റു സവിശേഷതകള്‍. 12.1 കിലോമീറ്റര്‍ മൈലേജാണ് വാഹനത്തിന് ജീപ്പ് വാഗ്ദ്ധാനം ചെയ്യുന്നത്.
grand cherokee
ലക്ഷണമൊത്ത എസ്.യു.വി ഡിസൈനില്‍ ബോക്‌സി ഷേപ്പിലാണ് ഗ്രാന്റ് ചെറോക്കിയുടെ വരവ്. സ്‌പോര്‍ട്ടി ലുക്കില്‍ ഓഫ് റോഡിംഗിന് സഹായകമാകുന്ന വലുപ്പമേറിയ ടയറുകളാണ് എടുത്തുകാണിക്കുന്ന പ്രത്യേകത.

ക്രോം ഗ്രില്ല്, പ്രോജക്ടര്‍ ഹെഡ് ലാമ്പ്, 8.4 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, എന്നിവയാണ് വാഹനത്തിന്റെ മറ്റു പ്രത്യേകതകള്‍.

3.0ലിറ്റര്‍ വി 6 ഡീസല്‍ എഞ്ചിനാണ് ഗ്രാന്റ് ചെറോക്കിക്ക് കരുത്തേകുന്നത്. 243 പിഎസ് കരുത്തും 570 എന്‍എം ടോര്‍ക്കുമുള്ള എഞ്ചിനില്‍ 8സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നല്‍കിയിട്ടുള്ളത്. ലിറ്ററിന് 12.8 കിലോമീറ്റര്‍ മൈലേജാണ് കമ്പനി ഉറപ്പ് തരുന്നത്.
grand cherokee srt
ഗ്രാന്റ് ചെറോക്കിയുടെ എസ്.ആര്‍.ടി വേരിയന്റാണ് ജീപ്പ് വാഗ്ദാനം ചെയ്തതില്‍ ഏറ്റവും കരുത്തേറിയ മോഡല്‍. 475 പിഎസ് കരുത്തും 630 എന്‍എം ടോര്‍ക്കുമുള്ള 6.4 ലിറ്റര്‍ വി8 പെട്രോള്‍ എഞ്ചിനാണ് ഗ്രാന്റ് ചെറോക്കി എസ്.ആര്‍.ടിക്ക് കുരുത്തേകുന്നത്.

കരുത്ത് അല്‍പ്പം കൂടിയതിനാല്‍ മൈലേജ് അല്‍പ്പം കുറവാണ്, 5.5 കിലോമീറ്റര്‍. 8സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടു കൂടിയ ഗ്രാന്റ് ഷെരോക്കിയുടെ അതെ 3.0ലിറ്റര്‍ വി6 എന്‍ജിനാണ് ഈ പതിപ്പിനും കരുത്തേകുന്നത്.

Top