pay rs 500 and spend a day at sangareddy jail in telangana

ഹൈദരാബാദ്: തെലങ്കാനയിലെ സങ്കാറെഡ്ഡി ജയിലില്‍ താമസിക്കാന്‍ 500 രൂപ ഫീസ്. കൊളോണിയല്‍ കാലത്ത് സ്ഥാപിച്ച ഈ ജയിലിലാണ് വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്തി ഇങ്ങനെയൊരു ആശയം നടപ്പിലാക്കിയത്.

ജില്ലാ ആസ്ഥാനമായ സങ്കാറെഡ്ഡിയില്‍ സ്ഥിതി ചെയ്യുന്ന, 220 വര്‍ഷം പഴക്കമുള്ള ഈ ജയില്‍ ഇപ്പോള്‍ മ്യൂസിയമായാണ് പ്രവര്‍ത്തിക്കുന്നത്.

‘ഫീല്‍ ദ ജയില്‍’ ( ജയില്‍ അനുഭവിച്ചറിയാം ) എന്ന പേരിലാണ് പദ്ധതി. അഴിക്കുള്ളിലെ അനുഭവം അതേപടി സന്ദര്‍ശകര്‍ക്ക് പകരുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

500 രൂപ നല്‍കിയാല്‍ 24 മണിക്കൂര്‍ താമസിക്കാം. ഉടുക്കാന്‍ ഖാദിയില്‍ നെയ്ത തടവുപുള്ളികളുടെ യൂണിഫോം, ഭക്ഷണത്തിനുള്ള പാത്രങ്ങള്‍, കുളിക്കാനുള്ള സോപ്പ്. ജയില്‍ മാനുവല്‍ പ്രകാരം തടവുപുള്ളികള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ മാത്രമാണ് ഇവിടെ താമസിക്കാനെത്തുന്നവര്‍ക്കും നല്‍കുക.

തടവറ സ്വയം വൃത്തിയാക്കണം. വേണമെങ്കില്‍ ജയില്‍ പരിസരത്ത് വൃക്ഷത്തെകള്‍ നടാം.

ഹൈദരാബാദിലെ നൈസാം ഭരണകാലമായ 1796ലാണ് ഈ ജയില്‍ നിര്‍മ്മിച്ചത്. മൂന്ന് ഏക്കര്‍ ഭൂമിയില്‍ ഒരേക്കറോളം വിസ്താരത്തിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 2012 വരെ ഇവിടെ തടവുപുള്ളികളെ പാര്‍പ്പിച്ചിരുന്നു.

ദിവസവും സന്ദര്‍ശകരുണ്ടെങ്കിലും ഇതുവരെ ആരും ഇവിടെ താമസിക്കാനുള്ള ‘ധൈര്യം’ കാട്ടിയിട്ടില്ല.

Top