കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ രാജര്‍ഹാട്ട് മണ്ഡലത്തിലെ പോളിങ് ശതമാനം ഉയര്‍ന്നത് അന്വേഷിക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി. വോട്ടര്‍മാര്‍ വിട്ടുനിന്നിട്ടും പോളിങ് ശതമാനം ഉയര്‍ന്നതില്‍ അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ത്രിതല പഞ്ചായത്തിലേക്ക് ജൂലൈ എട്ടിന് നടന്ന വോട്ടെടുപ്പ് രാജര്‍ഹട്ടിലെ ജംഗ്ര ഹതിയാര രണ്ടാം നമ്പര്‍ പഞ്ചായത്ത് ബൂത്തിലെ നിരവധി വോട്ടര്‍മാര്‍ ബഹിഷ്‌കരിച്ചിരുന്നു. എന്നിട്ടും ബൂത്തിലെ പോളിങ് ശതമാനം 95 ശതമാനം ആയതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. മുന്‍ മന്ത്രി ഗൗതം ദേവിന്റെ മകന്‍ സപ്തര്‍ഷി ദേവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍.
വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഡയറക്ടര്‍ ജനറലിനോടും ഇന്‍സ്പെക്ടര്‍ ജനറലിനോടും ജസ്റ്റിസ് അമൃത സിന്‍ഹ ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രാജര്‍ഹട്ടിലെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നടപടി ഒന്നും എടുത്തിരുന്നില്ല, തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. ഹര്‍ജിക്കാരുടെ ആരോപണത്തില്‍ അന്വേഷണം നടത്താനും ഓഗസ്റ്റ് മൂന്നിന് അടുത്ത വാദം കേള്‍ക്കുമ്പോള്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജസ്റ്റിസ് സിന്‍ഹ അധികൃതരോട് ആവശ്യപ്പെട്ടു.