തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വന്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥികളുടെ ഓണാഘോഷം പൊതുജനത്തിന് ദുരിതമായി.
രാവിലെ കോളജ് ക്യാമ്പസില്‍ തുടങ്ങിയ ഓണാഘോഷം ഉച്ചയ്ക്ക് 12.30 ഓടെ തെരുവില്‍ ഇറങ്ങി. ഇതോടെ തലസ്ഥാനത്ത് വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. പ്രധാന റോഡായ എംജി റോഡില്‍ മണിക്കൂറുകളോളം ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ കുരുക്കില്‍ കിടന്നു.
വിദ്യാര്‍ഥികളുടെ ഓണാഘോഷം തെരുവില്‍ ഇറങ്ങുമെന്ന ഒരു സൂചനയും പോലീസിന് ലഭിച്ചിരുന്നില്ല. ഇതോടെ സ്ഥലത്തുണ്ടായിരുന്ന നാമമാത്ര പോലീസുകാരം വെട്ടിലായി.
വിദ്യാര്‍ഥികളോട് തെരുവില്‍ നിന്നും മാറാന്‍ ആവശ്യപ്പെട്ടങ്കിലും ആഘോഷലഹരിയില്‍ ആയിരുന്ന ഇവരാരും അഭ്യര്‍ഥന ചെവിക്കൊണ്ടില്ല.
പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ബാന്‍ഡ് മേളവും ചെണ്ടമേളവുമായി തലസ്ഥാനത്തെ തെരുവ് കീഴടക്കിയത്.
എംജി റോഡ് വഴി സെക്രട്ടറിയേറ്റിലെ സമര ഗേറ്റിന് മുന്‍വശം വരെ വിദ്യാര്‍ഥികള്‍ നീങ്ങിയ ശേഷമാണ് ഓണാഘോഷം അവസാനിച്ചത്. ഇതോടെ തലസ്ഥാനത്തെ റോഡുകളില്‍ നിരയായി വാഹനങ്ങള്‍ നിറഞ്ഞു.
എസ്എഫ്‌ഐയുടെ കൊടിയുമേന്തിയാണ് ചിലര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തത്. ഗതാഗതം തടസപ്പെടുത്തി അനുമതിയില്ലാതെ ആഘോഷം നടത്തിയ വാദ്യാര്‍ഥികള്‍ക്കെതിരേ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്.