മയക്കുമരുന്ന് കേസുകളില്‍ പിടിയിലാവുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ത്തറില്‍ മയക്കുമരുന്ന് കേസുകളില്‍ പിടിയിലാവുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏഴ് മാസത്തിനിടെ 96 ഇന്ത്യക്കാരാണ് മയക്കുമരുന്ന് ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടത്. ഹാഷിഷ്, മരിജുആന, ഹെറോയിന്‍, ലയിരിക എന്നീ മയക്കുമരുന്നുകള്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ഇന്ത്യക്കാര്‍ പിടിയിലായത്.

മുംബൈ, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നാണ് ദോഹയിലേക്ക് ഇത്തരം അനധികൃത സാമഗ്രികള്‍ അധികവും കടത്താന്‍ ശ്രമം നടക്കുന്നത്. പിടിക്കപെട്ടവരില്‍ ദമ്പതികളും ഉള്‍പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒരു കിലോഗ്രാം ഹാഷിഷ് വരെയാണ് ഓരോ വ്യക്തികളും സ്വയം ‘കാരിയറുകളായി’ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്.

നിലവില്‍ 200 ഓളം ഇന്ത്യക്കാര്‍ ഇത്തരം കേസുകളില്‍ ഖത്തറിലെ വിവിധ ജയിലുകളില്‍ കഴിയുന്നതായാണ് വിവരം. ജൂലൈ ഇരുപത്തിനാലിനു ദോഹയിലെ ഇന്ത്യന്‍ എംബസിയ്ക്ക് ഖത്തര്‍ ഇന്റര്‍നാഷ്ണല്‍ കോ ഓപ്പറേഷന്‍ വിഭാഗം മേധാവി ജനറല്‍ അബ്ദുല്‍ അസീസ് അല്‍ അന്‍സാരിയാണ് ഈ കണക്കുകള്‍ കൈമാറിയത്.

Top