പച്ചക്കറി ലോറി തടഞ്ഞ് 96 ലക്ഷം രൂപ തട്ടിയ കേസ്; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

തൃശൂര്‍: ഒല്ലൂരില്‍ ഇല്കഷന്‍ സ്‌ക്വാഡ് ചമഞ്ഞ് പച്ചക്കറി ലോറിയില്‍ നിന്ന് 96 ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടുപേരെ കൂടി തൃശൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചിറക്കല്‍ സ്വദേശി മണപ്പുള്ളി കുട്ടന്‍ എന്നറിയപ്പെടുന്ന പ്രദീപ് (49 ), കായംകുളം സ്വദേശി അമല്‍കേഷ് (33)എന്നിവരാണ് പിടിയിലായത്.

കോയമ്പത്തൂരില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് പച്ചക്കറിയുമായി എത്തിയ ലോറി തടഞ്ഞ് നിര്‍ത്തിയാണ് ഇല്കഷന്‍ സ്‌ക്വാഡ് ചമഞ്ഞ സംഘം 96 ലക്ഷം രൂപ കവര്‍ന്നത്. കഴിഞ്ഞ മാര്‍ച്ച് 22ന് പുലര്‍ച്ചെ പാലക്കാട് എറണാകുളം ഹൈവേയില്‍ കുട്ടനല്ലൂരില്‍ വെച്ചാണ് സംഭവം നടന്നത്.

മൂവാറ്റുപുഴയിലെ പച്ചക്കറി വ്യാപാര സ്ഥാപനത്തിലേക്ക് കോയമ്പത്തൂരില്‍ നിന്ന് പച്ചക്കറിയുമായി വരികയായിരുന്ന ലോറിയെ ‘ഇല്കഷന്‍ അര്‍ജന്റ് ‘എന്ന ബോര്‍ഡ് വെച്ച ഇന്നോവ കാറിലെത്തിയ സംഘമാണ് തടഞ്ഞത്. ലോറിയിലെ ഡ്രൈവറേയും സഹായിയേയും തങ്ങള്‍ പൊലീസാണെന്നും ലോറിയില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യണമെന്നും പറഞ്ഞ് ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു. കുറച്ചു ദൂരം പോയി തിരികെ ലോറിയുടെ അടുത്ത് ഇറക്കി വിടുകയും ചെയ്തു. പിന്നീട് ഡ്രൈവറും സഹായിയും ലോറി പരിശോധിച്ചപ്പോഴാണ് ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 96 ലക്ഷം രൂപ കവര്‍ച്ച ചെയ്തതായി അറിഞ്ഞത്.

തുടര്‍ന്ന് ഒല്ലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ കേസില്‍ നേരത്തെ അറസ്റ്റിലായ രണ്ടു പേര്‍ ഇപ്പോള്‍ ജയിലിലാണ്. ഇപ്പോള്‍ അറസ്റ്റിലായ പ്രദീപ് മൂവാറ്റുപുഴ പച്ചക്കറി വ്യാപാര സ്ഥാപനത്തിലെ ഡ്രൈവറാണ്. കോയമ്പത്തൂരില്‍ നിന്ന് പച്ചക്കറിയുമായി വരുന്ന ചില ദിവസങ്ങളില്‍ പണം ലോറിയില്‍ സൂക്ഷിക്കുമെന്ന വിവരം പ്രദീപിന് അറിയാമായിരുന്നു. പ്രതിക്ക് മുന്‍ പരിചയമുള്ള നിരവധി കേസുകളില്‍ പ്രതിയായവരുമായി ചേര്‍ന്ന് പല പ്രാവശ്യം പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചിരുന്നു.

 

Top