ന്യൂഡല്‍ഹി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കീഴ്‌ക്കോടതി വിധി ചോദ്യം ചെയ്ത് ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. വധശിക്ഷ റദ്ദാക്കിയ കോടതി പ്രതിക്ക് ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്.
ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.
പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളെല്ലാം തള്ളിയാണ് സുപ്രീം കോടതി വിധി. ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ സൗമ്യയെ പ്രതി ബലാത്സംഗം ചെയ്തുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ബലാത്സംഗം, മോഷണം, മോഷണശ്രമത്തിനിടെ മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സുപ്രീം കോടതി പ്രതിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
കേസില്‍ പ്രോസിക്യൂഷന് സമ്പൂര്‍ണ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. വിചാരണ കോടതി വിധി ഹൈക്കോടതിയും ശരിവച്ചതോടെയാണ് ഗോവിന്ദച്ചാമി സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയില്‍ കേസിലെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ ഗൗരവകരമായ അനാസ്ഥ കാട്ടിയെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. കേസ് വാദിക്കാന്‍ അറിയില്ലാത്ത അഭിഭാഷകനെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിയോഗിച്ചതെന്ന് സൗമ്യയുടെ അമ്മ സുമതിയും ആരോപിച്ചിരുന്നു.
കേസ് ആദ്യം പരിഗണിച്ചപ്പോള്‍ തന്നെ സുപ്രീം കോടതി പ്രോസിക്യൂഷനോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു. ഗോവിന്ദച്ചാമി തന്നെയാണ് കൊലപാതകം ചെയ്തതെന്ന് തെളിയിക്കുന്ന എന്തുരേഖയാണ് നിങ്ങളുടെ കൈകളിലുള്ളതെന്ന ചോദ്യത്തിന് പോലും പ്രോസിക്യൂഷന് മറുപടി ഉണ്ടായിരുന്നില്ല.
ഗോവിന്ദചാമി സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന കോടതിയുടെ ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല. സൗമ്യ ട്രെയിനില്‍ നിന്നും ചാടിയെന്നാണ് സാക്ഷിമൊഴികള്‍. സൗമ്യ ബലാത്സംഗത്തിന് ഇരയായി എന്നത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി മുന്‍ ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ തോമസ് പി.ജോസഫ്, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരാണു സര്‍ക്കാരിനായി കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായത്. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്നു തള്ളിയിടുകയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്താന്‍ ഇവര്‍ക്കായില്ല. ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ ആവശ്യപ്പെട്ട ബെഞ്ച് ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്ന് അഭിഭാഷകരെ താക്കീത് ചെയ്യുകയുമുണ്ടായി.