ക്യാമ്പസ് അഭിമുഖത്തിലൂടെ 964 പേര്‍ക്ക് ജോലി; അഭിമാന നേട്ടവുമായി മദ്രാസ് ഐ.ഐ.ടി.

ചെന്നൈ: ക്യാമ്പസ് അഭിമുഖത്തിലൂടെ മദ്രാസ് ഐ.ഐ.ടി.യില്‍നിന്ന് വിവിധ കമ്പനികളില്‍ ജോലി ലഭിച്ചവരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനമാണ് വര്‍ധനവുണ്ടായത്.

2018-19 വര്‍ഷത്തില്‍ 964 വിദ്യാര്‍ഥികള്‍ക്കാണ് വിവിധ കമ്പനികളില്‍ ജോലി ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 834 വിദ്യാര്‍ഥികള്‍ക്കാണ് അവസരം ലഭിച്ചത്.മൈക്രോണ്‍, ഇന്റല്‍ ഇന്ത്യ ടെക്‌നോളജി എന്നിവ 26 പേരെ വീതവും സിറ്റി ബാങ്ക് 23 പേരെയും മൈക്രോസോഫ്റ്റ് 22 പേരെയും ക്വാല്‍കോം 21 പേരെയും തിരഞ്ഞെടുത്തു.298 കമ്പനികളാണ് ക്യാമ്പസ് അഭിമുഖം നടത്താന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 51 സ്റ്റാര്‍ട്ടപ്പ് കമ്പനികളും ക്യാമ്പസ് അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ഇവര്‍ 121 പേര്‍ക്ക് ജോലി വാഗ്ദാനംചെയ്തെങ്കിലും 97 പേരാണ് സന്നദ്ധതപ്രകടിപ്പിച്ചത്.

അഭിമുഖത്തിന്റെ ആദ്യഘട്ടം ഡിസംബര്‍ എട്ടിനും രണ്ടാംഘട്ടം ജനുവരി മുതല്‍ ഏപ്രില്‍ അവസാനവാരംവരെയുമാണ് നടന്നത്. ഇതില്‍ 97 വിദ്യാര്‍ഥികള്‍ക്ക് ബിരുദപഠനം കഴിയുന്നതിനുമുമ്പുതന്നെ തൊഴിലവസരം വാഗ്ദാനംചെയ്യപ്പെട്ടു. ഇവരില്‍ 21 പേര്‍ക്ക് അന്താരാഷ്ട്ര അവസരങ്ങളാണ് ലഭിച്ചത്. ഇത് റെക്കോഡ് നേട്ടമാണെന്ന് ഐ.ഐ.ടി. അധികൃതര്‍ പറഞ്ഞു.
ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയ 364 പേര്‍ക്ക് ഈ വര്‍ഷം ക്യാമ്പസ് അഭിമുഖത്തിലൂടെ ജോലി ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 274 മാത്രമായിരുന്നു. ഈ വര്‍ഷം 1300 വിദ്യാര്‍ഥികളാണ് വിവിധ കമ്പനികളില്‍ അവസരം തേടി അഭിമുഖത്തിന് അപേക്ഷ നല്‍കിയത്.

Top