97% banned notes are back banks report

ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര നടപടി ഫലം കാണാതെ അവസാനിക്കുന്നതായി റിപ്പോര്‍ട്ട്.

അസാധുവാക്കിയ നോട്ടുകളില്‍ 97 ശതമാനവും ഡിസംബര്‍ 30 നകം തന്നെ ബാങ്കുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. 14.97 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെത്തിയെന്നാണ് പ്രമുഖ സാമ്പത്തിക മാധ്യമമായ ബ്ലൂംബര്‍ഗിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തത്.

ഡിസംബര്‍ 30 വരെയുള്ള കണക്കാണിത്. 15 ലക്ഷം കോടിയോളം രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിക്കഴിഞ്ഞതായായി ബാങ്കിങ് വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐയും റിപ്പോര്‍ട്ട് ചെയ്തു.

15.4 ലക്ഷം കോടി രൂപയ്ക്കുള്ള കറന്‍സി നോട്ടുകളാണ് സര്‍ക്കാര്‍ അസാധുവാക്കിയത്. ഇതില്‍ മൂന്നു മുതല്‍ അഞ്ച് ലക്ഷം കോടിയോളം രൂപ ബാങ്കില്‍ തിരിച്ചെത്തില്ലെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

20 മുതല്‍ 30 വരെ ശതമാനം കള്ളപ്പണം ബാങ്കിലെത്തില്ലെന്നും അത് ബജറ്റ് വഴി ദരിദ്രവിഭാഗത്തിനായി പദ്ധതികള്‍ പ്രഖ്യാപിക്കാമെന്നുമായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഈ പ്രതീക്ഷകളെല്ലാമാണ് തകരുന്നത്.

ഡിസംബര്‍ 30 വരെ 15 ലക്ഷം കോടിയോളം രൂപ തിരിച്ചെത്തിയോ എന്ന ചോദ്യത്തിന് കൃത്യമായ സംഖ്യ തനിക്കറിയില്ല എന്നായിരുന്നു ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ പ്രതികരണം. എത്ര തുകയുടെ നോട്ടുകള്‍ തിരിച്ചെത്തി എന്ന വിഷയത്തില്‍ ഡിസംബര്‍ 10 വരെയുള്ള കണക്ക് മാത്രമാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.

ഡിസംബര്‍ 10 വരെ 12.44 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കിയിരുന്നു.

നോട്ട് മാറ്റിവാങ്ങാനുള്ള സമയം പൂര്‍ണമായും അവസാനിക്കുന്നതിന് മുമ്പ് തന്നെയാണ് 97 ശതമാനത്തിലധികം നോട്ടും തിരിച്ചെത്തിയിരിക്കുന്നത്.

വിദേശ ഇന്ത്യക്കാര്‍ക്ക് നോട്ടുമാറ്റാന്‍ സര്‍ക്കാര്‍ അധിക സമയം അനുവദിച്ചിട്ടുമുണ്ട്. ഈ നോട്ടുകള്‍ കൂടി ബാങ്കിലെത്തുന്നതോടെ ഭൂരിപക്ഷം അസാധു നോട്ടുകളും തിരിച്ചെത്തും.

തിരിച്ചെത്തിയ നോട്ടുകളുടെ കണക്കെടുപ്പ് റിസര്‍വ് ബാങ്ക് തുടരുകയാണ്

Top