ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലത്ത് ശ്രമിക് തീവണ്ടികളില്‍ യാത്രചെയ്ത 97 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ലോക്ഡൗണ്‍ സമയത്ത് എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്ന വിവരം തങ്ങളുടെ പക്കലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് റെയില്‍വേ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
രാജ്യസഭയില്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ദീപക് ഒബ്രിയാന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്. സെപ്റ്റംബര്‍ ഒമ്പത് വരെയുള്ള കണക്കുകള്‍ പ്രകാരമാണ് 97 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചതെന്ന് പിയൂഷ് ഗോയല്‍ അറിയിച്ചു.
97-ല്‍ 87 മൃതദേഹങ്ങള്‍ സംസ്ഥാനങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചിട്ടുണ്ട്. ഇതില്‍ 51 പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ റെയിവേയ്ക്ക് ലഭിച്ചു.
തൊഴില്‍ മന്ത്രാലയമാണ് ലോക്ഡൗണ്‍ കാലത്ത് എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്ന് അറിയില്ലെന്ന് ലോക്സഭയില്‍ അറിയിച്ചിരുന്നത്. ഈ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.