തിരുവനന്തപുരം: ഒളിംപിക്‌സ് മെഡല്‍ ജേതാക്കളായ പിവി സിന്ധുവിനേയും സാക്ഷി മാലിക്കിനേയും ആദരിക്കുന്ന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍മാറി.
ചടങ്ങിന്റെ സ്‌പോണ്‍സര്‍മാരായ ഒരു കമ്പനി ഭൂമിതട്ടിപ്പു കേസില്‍ ആരോപണവിധേയരാണെന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുവാന്‍ തീരുമാനിച്ചത്.
വിദേശത്തായതിനാല്‍ കായികമന്ത്രി ഇപി ജയരാജന്‍ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. ഇതോടെ സംസ്ഥാനസര്‍ക്കാരിന്റെ പ്രതിനിധികളൊന്നുമില്ലാതെയാണ് ഒളിപിംക്‌സ് മെഡല്‍ ജേതാക്കളെ കേരളം ആദരിച്ചത്.
തിരുവനന്തപുരം കോട്ടണ്‍ഹില്‍സ് സ്‌കൂളില്‍ വെള്ളിയാഴ്ച രാവിലെ 11 മണിക്കായിരുന്നു ഒളിപിംക്‌സ് മെഡല്‍ ജേതാക്കളായ പിവി സിന്ധുവിനേയും സാക്ഷി മാലിക്കിനേയും ഇവരുടെ പരിശീലകരേയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്.
ചടങ്ങില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അതിഥികളായാണ് ബാഡ്മിന്റണ്‍ താരം പിവി സിന്ധുവും ഗുസ്തി താരം സാക്ഷി മാലിക്കും തിരുവനന്തപുരത്തെത്തിയത്.