പത്തുവയസ്സുകാരിയുടെ മൃതദേഹത്തിൽ നിന്നും തല അറുത്തുമാറ്റിയ നിലയിൽ;ദുർമന്ത്രവാദമെന്ന് സംശയം

ചെന്നൈ: ശ്മശാനത്തിൽ സംസ്‌കരിച്ച പെൺകുട്ടിയുടെ മൃതദേഹത്തിൽ നിന്നും തല അറുത്തുമാറ്റിയതായി കണ്ടെത്തി. തമിഴ്‌നാട് ചെങ്കൽപ്പെട്ട് ജില്ലയിലെ ചിത്രവാടി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. കൃതിക എന്ന പത്തുവയസ്സുകാരിയുടെ മൃതദേഹത്തിൽ നിന്നാണ് തല വെട്ടിയെടുത്തത്.

ഒരാഴ്ച മുമ്പാണ് പെൺകുട്ടി മരിച്ചത്. ഇലക്ട്രിക് പോസ്റ്റ് ദേഹത്തു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൃതിക ഒക്ടോബർ 14നാണ് മരിച്ചത്. മധുരാന്തകത്തിനടുത്ത് ചിത്രവാടി ശ്മശാനത്തിൽ 15ന് മൃതദേഹം അടക്കം ചെയ്തു.

കഴിഞ്ഞദിവസം കൃതികയെ സംസ്‌കരിച്ച സ്ഥലം ഉഴുതുമറിച്ച നിലയിൽ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മൃതദേഹം പുറത്തെടുത്തപ്പോഴാണ് തല അറുത്തുമാറ്റിയതായി കണ്ടത്.

ദുർമന്ത്രവാദത്തിനാണ് തല അറുത്തുമാറ്റിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം അടക്കം ചെയ്തതിന് സമീപം നാരങ്ങയും മഞ്ഞൾപ്പൊടിയും കിടക്കുന്നതു കണ്ടാണ് ദുർമന്ത്രവാദത്തിനാണോ തലയെടുത്തതെന്ന സംശയം ഉദിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പൊലീസ് അയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top