മഹാരാഷ്ട്രയിൽ 13 വയസുകാരനെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി

മുംബൈ : പതിമൂന്ന് വയസുകാരനെ രണ്ടംഗ സംഘം തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മായങ്ക് എന്ന പതിമൂന്ന് വയസുകാരനാണ് കൊല്ലപ്പെട്ടത്. താനെ മിരാറോഡിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. പ്രതികൾ പൊലീസിന്റെ പിടിയിലായി.

മായങ്കിനെ രണ്ട് ദിവസം മുൻപാണ് കാണാതായത്. സമീപത്തെ പാർക്ക് വരെ കുട്ടി പോകുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ നിന്നും കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പണം ആവശ്യപ്പെട്ടുള്ള ഫോൺ കോൾ അമ്മയ്ക്ക് ലഭിക്കുന്നത്.

കഴിഞ്ഞ നാല് മാസമായി കുട്ടിയുമായി സംഘം സൗഹൃദം സ്ഥാപിച്ചിരുന്നതായി കണ്ടെത്തി. മൊബൈൽ വാങ്ങി നൽകാമെന്ന് പറഞ്ഞ് മോഹിപ്പിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. നായിഗാവിൽ എത്തിച്ച് കൊല്ലുകയായിരുന്നു. പ്രതികൾ റിമാൻഡിലാണ്.ബിസിനസ് തുടങ്ങാനുള്ള പണം ഉണ്ടാക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.

മകനെ വിട്ട് നൽകാൻ 35 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് കൊലപാതകത്തിന് ശേഷവും കുട്ടിയുടെ അമ്മയെ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്.

Top