ഫരീദാബാദ്: തൊഴിലുടമയുടെ പീഡനം സഹിക്കാനാകാതെ വീട്ടുജോലിക്കാരിയായ 13 വയസ്സുകാരി ആത്മഹത്യയ്ക്കു ശ്രമിച്ചു.
താമസിക്കുന്ന കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍നിന്നു താഴേക്കു ചാടിയായിരുന്നു ആത്മഹത്യാ ശ്രമം.
പത്താം നിലയിലുണ്ടായിരുന്ന വലയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. ഫരീദാബാദിലെ കനിഷ്‌കാ ടവേഴ്‌സിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിമൂന്നുകാരിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടുവര്‍ഷമായി നേരിടുന്ന പീഡനത്തില്‍നിന്നും അടിമവേലയില്‍ നിന്നും രക്ഷപ്പെടാനാണ് ആത്മഹത്യക്കു ശ്രമിച്ചതെന്ന് ബിഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടി പറഞ്ഞു.
പത്താം നിലയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ സമീപത്തെ ഫ്‌ളാറ്റുകളിലെ താമസക്കാരാണ് രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവിന്റെയും പൊള്ളലിന്റെയും പാടുകള്‍ കണ്ടതായി രക്ഷപ്പെടുത്തിയവര്‍ പറഞ്ഞു. പതിനൊന്നാം നിലയില്‍നിന്ന് നിലവിളി കേള്‍ക്കാറുണ്ടായിരുന്നു, പെണ്‍കുട്ടിയെ പുറത്തിറങ്ങാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്കു മുന്നില്‍ ഹാജരാക്കിയതായും തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്ററിലേക്ക് അയച്ചതായും അധികൃതര്‍ അറിയിച്ചു.
ഫരീദാബാദില്‍ സ്വകാര്യ സര്‍വകലാശാലയില്‍ പഠിക്കുകയാണ് വീട്ടുടമയായ യുവതിയെന്ന് ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എച്ച്.എസ്.മാലിക് പറഞ്ഞു. അവര്‍ പെണ്‍കുട്ടിയെ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നു. വീട്ടുടമയും ജോലിക്കെത്തിയ പെണ്‍കുട്ടിയും പട്‌ന സ്വദേശികളാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ യുവതിയുടെ ബിഹാറിലെ വീട്ടിലെ ജോലിക്കാരാണ്. അവര്‍ നടത്തിയത് ബാലവേലയാണെന്നും സംഭവത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തുവെന്നും മാലിക് പറഞ്ഞു.
പെണ്‍കുട്ടിയുടെ സുരക്ഷിതത്വം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു.