വീട്ടില്‍ ഉറങ്ങുകയായിരുന്ന 19 കാരനെ വെട്ടിക്കൊന്നു; യൂട്യൂബ് പ്രശസ്തിയുടെ പേരിലാണ് കൊലപാതകമെന്ന് കുടുംബം

ബീഹാര്‍: ബീഹാറിലെ നളന്ദയില്‍ വീട്ടില്‍ ഉറങ്ങുകയായിരുന്ന 19 കാരനെ വെട്ടിക്കൊന്നു. വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. യൂട്യൂബ് പ്രശസ്തിയുടെ പേരിലാണ് കൊലപാതകമെന്ന് കുടുംബം ആരോപിച്ചു.

ഹരാധന്‍ എന്ന 19 കാരനാണ് കൊല്ലപ്പെട്ടത്. പിതാവിന്റെ മരണശേഷം അമ്മയെയും രണ്ട് സഹോദരിമാരെയും നോക്കിയിരുന്നത് ഹരാധനാണ്. ട്യൂഷനും യൂട്യൂബ് വീഡിയോകളില്‍ നിന്നുള്ള വരുമാനവും കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. പന്ത്രണ്ടാം ക്ലാസ് പാസായ ശേഷം ബിരുദത്തിന് പഠിക്കുകയായിരുന്നു ഹരാധന്‍.

ഉറങ്ങിക്കിടന്ന വീട്ടിലെ മറ്റ് അംഗങ്ങള്‍ പോലും അറിയാത്ത വിധത്തിലാണ് ക്രിമിനലുകള്‍ കൊലപാതകം നടത്തിയത്. ഡോഗ് സ്‌ക്വാഡിനെയും എഫ്എസ്എല്‍ ടീമിനെയും വിളിച്ചിട്ടുണ്ടെന്നും രാഹുയി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അമിത് കുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി സഹോദരന്റെ മുറിയിലെ ഫാന്‍ അണയ്ക്കാന്‍ സഹോദരി എഴുന്നേറ്റപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാരും അയല്‍ക്കാരും ഓടിയെത്തി. വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തലയുടെ വിവിധ ഭാഗങ്ങളില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള പരിക്കുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

Top