മഹാരാഷ്ട്രയില്‍ 27കാരനെ നക്‌സലുകള്‍ വെടിവച്ച് കൊന്നു

മഹാരാഷ്ട്ര: കിഴക്കന്‍ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ 27കാരനെ നക്‌സലുകള്‍ വെടിവച്ച് കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പൊലീസ് ഇന്‍ഫോര്‍മറാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഈയാഴ്ച മാത്രം ജില്ലയില്‍ നക്‌സലുകള്‍ നടത്തുന്ന രണ്ടാമത്തെ കൊലപാതകമാണിതെന്ന് പൊലീസ് പറയുന്നു.

അഹേരി തഹസില്‍ കപെവഞ്ച ഗ്രാമത്തില്‍ താമസിക്കുന്ന രാംജി അത്‌റാമാണ് വെടിയേറ്റ് മരിച്ചത്. അക്രമികള്‍ കൈകൊണ്ട് എഴുതിയ ഒരു കുറിപ്പ് മൃതദേഹത്തോടൊപ്പം കണ്ടുകിട്ടി. അത്റാം ഒരു പൊലീസ് ഇന്‍ഫോര്‍മറാണെന്നും ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേനയുമായി ഒരു ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ടെന്നും, വെടിവെപ്പില്‍ ഒരു വനിതാ നക്‌സല്‍ കൊല്ലപ്പെട്ടെന്നുമായിരുന്നു കുറിപ്പിലെ ആരോപിക്കുന്നത്.

അതേസമയം, ഇയാള്‍ ഇന്‍ഫോര്‍മറാണെന്ന നക്‌സല്‍ അവകാശവാദം പൊലീസ് തള്ളി. നക്‌സലുകള്‍ പറയുന്ന ഏറ്റുമുട്ടല്‍ നടന്നത് 14 മാസം മുമ്പാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച രാത്രിയിലും ജില്ലയില്‍ നക്‌സലുകള്‍ ഒരാളെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. എടപ്പള്ളി തഹ്സിലിലെ ടിറ്റോല ഗ്രാമത്തിലെ ലാല്‍സു വെല്‍ഡയാണ്(63) മരിച്ചത്. ഗ്രാമവാസികളെ ഇവര്‍ മര്‍ദിക്കുകയും ചെയ്തു.

Top