പുതുവത്സരാഘോഷങ്ങള്‍ നിരത്തില്‍ നടക്കുമ്പോള്‍ വീട്ടിലിരുന്ന 3 വയസുകാരന്‍ വെടിയേറ്റ് മരിച്ചു

ടെന്നസി: പുതുവത്സരാഘോഷങ്ങള്‍ നിരത്തില്‍ നടക്കുമ്പോള്‍ ആഘോഷങ്ങള്‍ ശ്രദ്ധിച്ച് വീട്ടിലിരുന്ന 3 വയസുകാരന്‍ വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ ടെന്നസിയില്‍ പുതുവത്സര തലേന്നാണ് സംഭവം. ബ്രെയ്ഡന്‍ സ്മിത്ത് എന്ന മൂന്ന് വയസുകാരന്റെ ജീവനാണ് അലക്ഷ്യമായി എത്തിയ വെടിയുണ്ട കവര്‍ന്നത്. ടെന്നസിയിലെ വീടിനകത്ത് ജനാലയുടെ അരികത്തിരിക്കുമ്പോഴാണ് പിഞ്ചുകുഞ്ഞിന് വെടിയേറ്റത്.

ഞായറാഴ്ച വൈകുന്നേരം ജനല്‍ തുളച്ചെത്തിയ വെടിയുണ്ടയേറ്റ് കുഞ്ഞ് നിലത്തുവീഴുകയായിരുന്നു. പുതുവത്സര തലേന്ന് ആഘോഷങ്ങളുടെ ഭാഗമായി ആരോ അലക്ഷ്യമായി തോക്കുപയോഗിച്ചതാണ് അപകടത്തിന് കാരണം. ടെന്നസിയിലെ മെഫിസില്‍ ആഘോഷങ്ങളുടെ ഭാഗമായി വെടിയുതിര്‍ക്കുന്നത് നിയമ വിരുധമായിരിക്കെയാണ് അപകടം. വെടിയേറ്റ് വീണ 3 വയസുകാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

മിനപൊളിസില്‍ കിടപ്പുമുറിയിലിരുന്ന 11കാരിക്കും ഇത്തരത്തില്‍ വെടിയേറ്റിരുന്നു. മിനസോട്ടയില്‍ 10 വയസുകാരന് വയറിലാണ് അലക്ഷ്യമായി എത്തിയ വെടിയുണ്ട തറച്ചത്. തോക്ക് കൊണ്ടുള്ള ആക്രമണത്തില്‍ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നതില്‍ 87.1 ശതമാനം വര്‍ധനവാണ് രാജ്യത്തുണ്ടായതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നു.

സമാനമായ മറ്റൊരു സംഭവത്തില്‍ 29കാരന്‍ കാറിന് നേരെ വെടിയുതിര്‍ക്കുന്നതിനിടെ 18കാരിക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. ടെന്നസിയില്‍ തന്നെയാണ് ഇതും സംഭവിച്ചത്. റോഡിന് എതിര്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് നേരെ വച്ച വെടിയുതിര്‍ക്കുമ്പോഴാണ് സമീപത്തെ നടപ്പാതയിലൂടെ നടന്നുപോയ 18കാരിക്ക് വെടിയേറ്റത്. സംഗീത പരിശീലനത്തിനായി പോകുന്നതിനിടയിലാണ് 18കാരിക്ക് വെടിയേറ്റത്.

Top