തൃശൂര്‍: ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ നാല് വയസുകാരനെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു. ക്ഷേത്രദര്‍ശനം കഴിഞ്ഞ് കുടുംബം താമസിച്ചിരുന്ന കെടിഡിസിയുടെ ഹോട്ടലിന്റെ മുറ്റത്ത് നില്‍ക്കുമ്പോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്. കണ്ണൂര്‍ സ്വദേശികളായ രജിത്ത്-നീതു ദമ്പതികളുടെ മകന് ദ്യുവിത്തിനാണ് നായയുടെ കടിയേറ്റത്.പരിക്കേറ്റ ഡ്യുവിത്തിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കെടിഡിസി നന്ദനം ഹോട്ടലിന്റെ പാര്‍ക്കിങ്ങിലാണ് സംഭവം. കുടുംബത്തോടൊപ്പം ഇന്നലെയാണ് നാലുവയസുകാരന് ഗുരുവായൂരില്‍ എത്തിയത്. ക്ഷേത്രദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് മടങ്ങാനിരിക്കേയായിരുന്നു ആക്രമണം. മൂന്ന് തെരുവുനായ്ക്കള്‍ ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചത്. ആക്രമണം കണ്ട് അച്ഛന് ഇടപെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ കടിയേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടു.ഗുരുവായൂരിലെ കെടിഡിസി ഹോട്ടല്‍ ഒട്ടും സുരക്ഷിതമല്ലെന്ന് പിതാവ് രജിത്ത് ആരോപിച്ചു.