ബീഹാറിൽ കൈ കാണിച്ച് സൈക്കിൾ നിർത്താത്തതിന് 60കാരനായ അധ്യാപകന് വനിതാ പൊലീസുകാരുടെ മർദ്ദനം

പ‌ട്ന: ബീഹാറിലെ കൈമൂറിൽ ട്രാഫിക് ഡ്യൂട്ടിയിൽ ജോലി ചെയ്ത വനിതാ പൊലീസുകാർ 60കാരനായ അധ്യാപകനെ ക്രൂരമായി മർദ്ദിച്ചു. വെള്ളിയാഴ്ച ഭാബുവയിലെ ജയ് പ്രകാശ് ചൗക്കിലാണ് സംഭവം. യാത്രക്കാർ പകർത്തിയ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ബർഹുലി ഗ്രാമത്തിൽ നിന്നുള്ള നവൽ കിഷോർ പാണ്ഡെ എന്നയാൾക്കാണ് പൊലീസുകാരുടെ മർദ്ദനമേറ്റത്. രണ്ട് വനിതാ കോൺസ്റ്റബിൾമാർ നടുറോഡിൽ വെച്ച് ബാറ്റൺ ഉപയോഗിച്ച് മർദിക്കുന്നത് വീഡിയോയിൽ കാണാം. നവൽ കിഷോർ പാണ്ഡെ സൈക്കിളിൽ റോഡ് മുറിച്ചു കടക്കുമ്പോൾ വനിതാ കോൺസ്റ്റബിൾമാർ സൈക്കിൾ നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ നിർത്തിയില്ല. പ്രകോപിതരായ ഉദ്യോ​ഗസ്ഥർ ഇയാളെ മർദ്ദിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സൈക്കിൾ വലിച്ചെറിയുന്നതും വീഡിയോയിൽ കാണാം. തുടർച്ചയായി ലാത്തി ഉപയോ​ഗിച്ച് മർദ്ദിച്ചു. വയോധികൻ പ്രതിരോധിക്കാൻ ശ്രമിക്കുകയും അടിക്കരുതെന്ന് അപേക്ഷിക്കുന്നതും ചെയ്തു. എന്നാൽ ഇതൊന്നും ചെവിക്കൊള്ളാതെയാണ് പൊലീസുകാർ മർദ്ദനം തുടർന്നത്. ഡിപിഎസ് പർമൽപൂരിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണ് താനെന്നും സൈക്കിളുമായി റോഡ് മുറിച്ചുകടക്കുമ്പോൾ രണ്ട് വനിതാ കോൺസ്റ്റബിൾമാർ എന്നെ തടഞ്ഞെന്നും അത് അവ​ഗണിച്ച് മുന്നോ‌‌ട്ടുപോയതിനാണ് മർദ്ദനമേറ്റതെന്നും ഇയാൾ പറഞ്ഞു.

കോൺസ്റ്റബിൾമാരിൽ ഒരാൾ മുന്നിലും മറ്റൊരാൾ പുറകിലും നിന്ന് ലാത്തി കൊണ്ടടിച്ചു. 20ലധികം റൗണ്ട് അടിച്ചു. ഒരാൾ ഇടപെട്ടതിന് ശേഷമാണ് അവർ നിർത്തിയത്. അടി കാരണം എന്റെ കാലുകളും കൈകളും വീർത്തു. എനിക്ക് നീതി വേണമെന്നും അദ്ദേഹം പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നടപടിയെടുക്കണമെന്നും കൈമൂർ പൊലീസ് സൂപ്രണ്ട് (എസ്പി) ലളിത് മോഹൻ ശർമ്മ പറഞ്ഞു. 24 മണിക്കൂറിനകം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനോട് (ഡിഎസ്പി) റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ട് ലഭിച്ചാലുടൻ കർശന നടപടി സ്വീകരിക്കുമെന്ന് എസ്പി അറിയിച്ചു.

Top