സി.എച്ചിന്റെ കുടുംബത്തിനും നല്‍കി ‘സഹായം’ മുസ്ലീംലീഗിന്റെ വായടപ്പിച്ച് റഹീമിന്റെ മറുപടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിക്കും ഇടത് സർക്കറിനുമെതിരെ ആരോപണമുന്നയിച്ച മുസ്ലീം ലീഗ് നേതാക്കളുടെ വായടപ്പിച്ച മറുപടിയുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം രംഗത്ത്. ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീറിന്റെ കുടുംബത്തിന് യു.ഡി.എഫ് സർക്കാർ മുൻപ് നൽകിയ ധനസഹായം ഉൾപ്പെടെ തുറന്ന് കിട്ടിയാണ് മറുപടി നൽകിയിരിക്കുന്നത്.

ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ചുവടെ :-

ലേശം ഉളുപ്പ്….
ഏയ് പ്രതീക്ഷിക്കരുത്.
വികൃത മനസ്സല്ല, വിഷലിപ്തമായ മനസ്സാണ്.

”സര്‍ക്കാരിന്റെ പൈസ, ദുരിതാശ്വാസ നിധിയാണെങ്കിലും ,സര്‍ക്കാരിന്റെ ഫണ്ടാണെങ്കിലും അത് ജനങ്ങളുടെ പൈസയാണ്. എന്റെ കോര്‍ പോയിന്റ് അതാണ്’. (ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ കെ എം ഷാജി )

അതാണ്…..
തൊട്ടരികില്‍ ഇരിക്കുന്ന ഡോക്ടര്‍ മുനീര്‍. അദ്ദേഹത്തിന്റെ പിതാവ് ശ്രീ സി എച്ച് മരണപ്പെട്ടപ്പോള്‍, അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ സിഎച്ചിന്റെ കുടുംബത്തിന് നല്‍കാന്‍ തീരുമാനിച്ച ആനുകൂല്യങ്ങള്‍ താഴെക്കാണുന്ന വര്‍ത്തയിലുണ്ട്. ഈ ഇരിക്കുന്ന മുനീറിന്റെ അഭിവന്ദ്യ ഉമ്മക്ക് പ്രതിമാസം 500രൂപയും, മുനീറിന്റെ അഭിവന്ദ്യയായ ഉമ്മുമ്മക്ക്, അതായത് ശ്രീ സി എച്ചിന്റെ ഉമ്മക്ക് 250രൂപയും ഇരുവരുടെയും ജീവിതകാലം മുഴുവന്‍ കൊടുക്കാന്‍ അന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. വാര്‍ത്തയില്‍ കാണാം.. മകന്‍, ഈ ഇരിക്കുന്ന സാക്ഷാല്‍ ശ്രീ മുനീറിന് ഇന്ത്യയില്‍ എവിടെയും, പഠിക്കാനുള്ള ചിലവും പുറമേ പോക്കറ്റ് മണിയായി പ്രതിമാസം 100രൂപയും
ശ്രദ്ധിക്കൂ, പോക്കറ്റ് മണിപോലും സര്‍ക്കാര്‍ കൊടുക്കും. അതാണ് ഷാജി പറഞ്ഞ
‘കോര്‍ പോയിന്റ്’

മരിച്ചു പോയ മഹാനായ സി എച്ചിന്റെ പേര് പറയേണ്ടിവന്നതില്‍ ക്ഷമ ചോദിക്കുന്നു. പറഞ്ഞതല്ല, പറയിപ്പിച്ചതാണ്.
അടുത്ത കാലത്ത് മരണപ്പെട്ടു പോയ പ്രധാനപ്പെട്ട രണ്ട് പേര്‍ക്ക്, ഒരാള്‍ എംഎല്‍എ, മറ്റൊരാള്‍ ഒരു പ്രമുഖനായ സംസ്ഥാന നേതാവ്. ഇരുവരുടെയും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് സര്‍ക്കാര്‍ സഹായം അനുവദിച്ചതിനെ എന്തിനായിരുന്നു ഇപ്പോള്‍ വാര്‍ത്താ സമ്മേളനം നടത്തി വലിച്ചിഴച്ചത്. അവര്‍ക്കും കുടുംബാംഗങ്ങളില്ലേ? ജീവിതമില്ലേ?

ദുരിതാശ്വാസ നിധിയും സര്‍ക്കാര്‍ ഫണ്ടും എല്ലാം ജനങ്ങളുടെ പണമാണെന്നും അതാണ് തന്റെ കോര്‍ പോയിന്റെന്നും
ഷാജി വിളിച്ചു പറയുമ്പോള്‍, ഇതേ പോലെ ജനങ്ങളുടെ പണം കൊണ്ടാണ് ഹമുക്കേ ഞാന്‍ പഠിച്ചതും മുട്ടായി വാങ്ങിത്തിന്നതും, കട്ടന്‍ കുടിച്ചതും എന്ന് ആ ഷാജിയുടെ ചെവിയില്‍ താങ്കള്‍ക്ക് ഒന്ന് പറഞ്ഞു കൊടുക്കാമായിരുന്നില്ലേ?

ലോകം കോവിഡിന് മുന്നില്‍ പതറി നില്‍ക്കുന്ന കാലം. മരണം മണം പിടിച്ചു അരികില്‍ നില്‍ക്കുമ്പോള്‍, രണ്ടു ‘ജനപ്രതിനിധികള്‍’പത്രക്കാരെ വിളിച്ചിരുത്തി പറയുന്നു, ‘ഞങ്ങള്‍ക്ക് രാഷ്ട്രീയമേ ഉള്ളൂ’ എന്ന്.
എന്താണ് ശ്രീ ഷാജിയും ശ്രീ മുനീറും പഠിച്ച രാഷ്ട്രീയം? കള്ളം പറയലോ? കള്ളവും ഏഷണിയും പറഞ്ഞു നടക്കലാണോ നിങ്ങള്‍ പഠിച്ച രാഷ്ട്രീയം. അതും ഈ
‘മരണകാലത്ത് ‘.

കഴിഞ്ഞ ദിവസം ശ്രീ ഷാജിയുടെ ളയ പോസ്റ്റ് എന്തായിരുന്നു? പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്താല്‍ വക മാറ്റി ചിലവഴിക്കും എന്നല്ലേ?ആരും പണം കൊടുക്കരുത് എന്ന സന്ദേശമായിരുന്നില്ലേ?
ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും ഒരാള്‍ക്ക് ഇങ്ങനെയൊക്കെ പറയാന്‍ പറ്റുമോ?

ഈ നിമിഷവും ഏതൊരാള്‍ക്കും നോക്കാം,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്ര വന്നു എത്ര, എന്താവശ്യത്തിന് ചിലവഴിച്ചു? ഇപ്പോള്‍ നോക്കാം. നമ്മുടെ ഫോണില്‍ ഒന്ന് തിരഞ്ഞാല്‍ കിട്ടുന്ന തികച്ചും സുതാര്യമായ വിവരമാണ് അത്. പിന്നെന്തിനാണ് ഈ പെരുങ്കള്ളം പറയുന്നത്. അത് മുഖ്യമന്ത്രി തുറന്ന് കാട്ടിയാല്‍ അതിന്റെ ജാള്യത മാറ്റാന്‍ വീണ്ടും വന്നിരുന്നു പഴയതിനേക്കാള്‍ വലിയ നുണ പറയാമെന്നാണോ? ഇതാണോ ഇരുവരും പഠിച്ച ‘രാഷ്ട്രീയം’?

സിഎംഡിആര്‍എഫ് സംബന്ധിച്ച നിയമസഭയില്‍ നല്‍കിയ മറുപടി ഉദ്ധരിച്ചു ഷാജി പറയുന്നത് മുഴുവന്‍ പണവും ചിലവാക്കിയിട്ടില്ല എന്നാണ്. ഇമ്മീഡിയറ്റ് റിലീഫ് എന്ന് ഗൈഡ് ലൈനില്‍ പറഞ്ഞിട്ടുണ്ട് എന്നുമാണ്. ആരാണ് ഈ വിഢിത്തം പഠിപ്പിച്ചുവിട്ടത്. തുടര്‍ച്ചയായി രണ്ടു വര്‍ഷവും പ്രളയം ഉണ്ടായ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ആദ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കഴിയുന്നതിന് മുന്‍പ് അടുത്തത്.. ഇപ്പോഴും ദുരിതാശ്വാസ നിധിയില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.. അതിന്റെ കണക്കാണ് അണുകിട തെറ്റാതെ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്നതും.

‘പിണറായി മഴു എറിഞ്ഞിട്ടല്ല കേരളം ഉണ്ടായത്’ എന്ന് പറയുന്നത് കേട്ടു.
മഴുവുമായി പിണറായിയുടെ രക്തം ദാഹിച്ചു നടന്നവരുണ്ട്, ഇപ്പോഴും നടക്കുന്നവരുണ്ട്…. എല്ലാ കാലത്തും, പിണറായി ഉള്‍പ്പെടെ ഇവിടുത്തെ കമ്മൂണിസ്റ്റുകാര്‍ ആയുധങ്ങള്‍ക്കു മുന്നില്‍ തല ഉയര്‍ത്തി നിന്നതു കൊണ്ടാണ് പൗഡറും തൊട്ട് ഇതുപോലെ ഇവിടെ ഇറങ്ങി നടക്കുന്നതും ലീഗാപ്പീസില്‍ പോത്ത് ബിരിയാണി വച്ചു ഇപ്പോഴും കഴിക്കുന്നതും.

വാഷിംഗ്ടണ്‍പോസ്റ്റ്
വാര്‍ത്ത തിരുത്തി എന്നാണ് ശ്രീ മുനീര്‍ ആശ്വാസം കൊള്ളുന്നത്. വാര്‍ത്ത തിരുത്തിക്കാന്‍ നിങ്ങള്‍ക്ക് പറ്റിയേയ്ക്കും,
ചരിത്രം തിരുത്തിയെഴുതാന്‍ പറ്റില്ലല്ലോ സര്‍.

ആധുനിക കേരളം പടുത്തുയര്‍ത്തിയതില്‍ കമ്മൂണിസ്റ്റ്കാര്‍ക്കുള്ളതിനേക്കാള്‍ പങ്ക് മറ്റാര്‍ക്കും ഇല്ലതന്നെ.പുരോഗമനപരവും ശാസ്ത്രീയവുമായ അവബോധമാണ് പുകള്‍പെറ്റ കേരളാ മോഡലിന്റെ കരുത്ത്. ആ കരുത്താണ് ശാസ്ത്രീയ ചിന്തയില്‍ ഉറച്ചു നിന്ന്, കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ജനങ്ങളെയാകെ പ്രാപ്തരാക്കുന്നത്. നാടിന്റെ സിരകളില്‍ പുരോഗമനപരവും ശാസ്ത്രീയവുമായ അവബോധം പകര്‍ന്നതില്‍ ഇടതുപക്ഷത്തിന്റെ സംഭാവനകള്‍ ചരിത്രത്തില്‍ ആര്‍ക്കാണ് തിരുത്തിയെഴുതാന്‍ പറ്റുന്നത്?

ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ നിരീക്ഷിച്ചത് പോലെ കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന വിപുലമായ പൊതുജനാരോഗ്യ ശൃംഖല
ഇടത്പക്ഷത്തിന്റെ നയപരമായ സംഭാവനയാണ്. ചരിത്രത്തില്‍ മാത്രമല്ല,
ശ്രീ മുനീര്‍, നോക്കൂ, കണ്മുന്നില്‍ കാണുന്നില്ലേ, കമ്മ്യൂണിറ്റി കിച്ചണ്‍. കോവിഡ് പ്രതിരോധത്തിന്റെ അദ്ഭുതകരമായ കേരളാ മോഡലില്‍ ഈ സാമൂഹ്യ അടുക്കളയും ഉണ്ട്. ലോകം മുഴുവന്‍ നോക്കൂ എവിടെയെങ്കിലും ഒരിടത്തു ഇതിന് സമാനമായ ഒരു മാതൃക കാട്ടാനാകുമോ? അംഗന്‍ വാടികളിലെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ച മനുഷ്യത്വം നിറഞ്ഞ കേരള മോഡല്‍. അതാണ് ഇടതുപക്ഷം.
രോഗ നിര്‍ണയത്തിലും രോഗ ശമനത്തിലും മാത്രമല്ല, ഒരാളും പട്ടിണി കിടക്കാതിരിക്കുക എന്നത് ആവര്‍ത്തിച്ച് ഉറപ്പാക്കുന്നത് കൂടിയാണ് കോവിഡ് കാലത്തെ
‘കേരളാ മോഡല്‍’.
‘ആ മഴു’ പിണറായി വിജയന്‍ എറിഞ്ഞത് തന്നെയാണ്. ഇല്ലെങ്കില്‍ ഇതു പോലൊരു സര്‍വതല സ്പര്‍ശിയായ സമീപനം മറ്റൊരു സംസ്ഥാനത്തു കാട്ടിത്തരൂ മിസ്റ്റര്‍ മുനീര്‍.

Top