ജാതി അധിക്ഷേപം ബിജെപിയെപ്പോലെ കോൺഗ്രസും ശീലമാക്കിയിരിക്കുന്നു: എ എ റഹീം

തിരുവനന്തപുരം: സിപിഐഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുമെന്ന കെ.വി.തോമസിന്റെ പ്രഖ്യാപനം ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. സെമിനാറിൽ പങ്കെടുക്കുന്ന നിമിഷം തന്നെ കെ.വി.തോമസിനെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി പ്രഖ്യാപിക്കുമ്പോൾ തോമസ് മാഷ് വഴിയാധാരമാകില്ലെന്ന നിലപാടിലാണ് സിപിഐഎം. ഇതോടെ കെ.വി.തോമസിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചകൾ സജീവമാണ്. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം എം.പിയും കെ.വി.തോമസിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി.

‘എന്നെ തിരുത തോമായെന്നു വിളിച്ചു കോൺഗ്രസുകാർ അവഹേളിക്കുന്നു. അതെ, ഞാൻ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചയാളാണ്.’വൈകാരികമായി കെ.വി.തോമസ് ഇന്നലെ പറഞ്ഞ വാക്കുകൾ ജാതി അധിക്ഷേപം ബിജെപിയെപ്പോലെ കോൺഗ്രസും ശീലമാക്കിയിരിക്കുന്നുവെന്നതിന്റെ തെളിവാണെന്ന് എ.എ.റഹീം ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ കെ.വി.തോമസിനെ പിന്തുണച്ചുള്ള കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ച് മിനിട്ടുകൾക്കുള്ളിൽ തന്നെ ഇടതു അനുഭാവികളിൽ നിന്നുൾപ്പെടെ വലിയ എതിർപ്പും വിമർശനവുമാണ് ഉയരുന്നത്.

‘തിരുത തോമ എന്ന് അങ്ങേരെ വിളിക്കുന്നത് നന്മുടെ പാർട്ടിക്കാര് തന്നെയായിരുന്നു. ഞാനടക്കം ഇപ്പൊ കോൺഗ്രസുകാരും, അത് മത്സ്യത്തൊഴിലാളി കുടുംബം ആയതുകൊണ്ടല്ല. തിരുത കെട്ടി ഡൽഹിക്ക് കൊണ്ടോകുന്നത് കൊണ്ടാ, ഇതൊക്കെ നാട്ടിലെ കൊച്ചുകുട്ടികൾക്ക് പോലും അറിയാം.. കോഴ മാണിയെ മാണി സർ ആക്കിയത് പോലെ, തോമസ് മാഷ് ആക്കണേൽ ആക്കിക്കോ എന്നുൾപ്പെടെ ഇടതു പ്രവർത്തകർ ഉൾപ്പെടെ എ.എ.റഹീമിന് കമന്റിലൂടെ മറുപടി നൽകി.

Top