നിലമ്പൂര്‍: നിലമ്പൂരില്‍ അഞ്ചംഗ സംഘത്തില്‍നിന്ന് ഒരുകോടി രൂപയുടെ നിരോധിത കറന്‍സി പൊലീസ് പിടികൂടി. 1000, 500 രൂപയുടെ കറന്‍സികളായിരുന്നു പിടിച്ചെടുത്തത്. സംഭവത്തില്‍ തിരുവനന്തപുരം ശ്രീകാര്യം ചാവടി കാവ് സന്തോഷ് ഭവനില്‍ സന്തോഷ് (43), ചെന്നൈ ഭജനകോവില്‍ മുനീശ്വര്‍ സ്ട്രീറ്റ് സ്വദേശി സോമനാഥന്‍ (71), കൊണ്ടോട്ടി കൊളത്തൂര്‍ നീറ്റാണി കുളപ്പള്ളി വീട്ടില്‍ ഫിറോസ് ബാബു (31), കൊണ്ടോട്ടി ചിറയില്‍ സ്വദേശി ജസീന മന്‍സിലില്‍ ജലീല്‍ (36), മഞ്ചേരി പട്ടര്‍കുളം സ്വദേശി എരിക്കുന്നന്‍ വീട്ടില്‍ ഷൈജല്‍ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ജില്ലയിലെ കൊണ്ടോട്ടി, കോട്ടയ്ക്കല്‍ എന്നിവിടങ്ങളിലെ ചില ഏജന്റുമാര്‍ നിരോധിത കറന്‍സികളുടെ വിതരണവും കൈമാറ്റവും നടത്തുന്നുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം ഒരാഴ്ചയോളം തുടര്‍ച്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.
ഇവര്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുള്ള കറന്‍സി വിതരണ ഏജന്‍സികളുമായി ബന്ധപ്പെടുത്തി ഒരുകോടി നിരോധിത കറന്‍സിക്ക് 35 ലക്ഷം രൂപവരെ വില നല്‍കിയാണ് വില്‍പനയും വിതരണവും നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ചില സ്ഥലങ്ങളില്‍ പ്രത്യേകം ഏജന്റുമാര്‍ ശേഖരിച്ചുവെച്ച നിരോധിത കറന്‍സികള്‍ വിതരണത്തിനായി കേരളത്തിലുള്ള പല ഏജന്റുമാരുമായി ബന്ധപ്പെടുന്നുണ്ടെന്ന് പ്രതികള്‍ വ്യക്തമാക്കി.