നിയമം ലംഘിക്കാത്ത ബൈക്കിന് നിരന്തരം പിഴ ; കാരണം കണ്ടെത്തി പൊലീസ്

നിയമം ലംഘിക്കാത്ത ബൈക്കിന് നിരന്തരം പിഴ വരുന്നതുമായി ബന്ധപ്പെട്ട് യുവാവിന്റെ പരാതിയില്‍ കാരണം കണ്ടെത്തി പൊലീസ്. ഇടുക്കി സ്വദേശിയായ യുവാവിന്റെ ബൈക്ക് മലപ്പുറം വണ്ടൂരിലെ AI ക്യാമറയിലും പതിഞ്ഞിരുന്നു. എന്നാല്‍ യുവാവ് മലപ്പുറത്ത് പോയിരുന്നുമില്ല. ആദ്യം AI ക്യാമറയുടെ പിഴവാണെന്ന് കരുതിയെങ്കിലും പിന്നീടാണ് യഥാര്‍ത്ഥ കാരണം വ്യക്തമാകുന്നത്.

മലപ്പുറം പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ കഥ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ

ഇവിടെ വില്ലനല്ല, ‘ ഹീറോ’ യാണ് എ ഐ ക്യാമറ.

മലപ്പുറം ജില്ലയിലെ ചേലാമ്പ്രയില്‍ ജോലി നോക്കുന്ന ഇടുക്കി സ്വദേശിയുടെ പരാതി ലഭിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള ബൈക്കിന് തുടര്‍ച്ചയായി എ ഐ ക്യാമറ പിഴ ചുമത്തുന്നുവെന്നാണ് പരാതി. പക്ഷെ ആ ക്യാമറ പരിധികളിലോ, ഫൈന്‍ അടിച്ചിരിക്കുന്ന സമയത്തോ അദ്ദേഹം ബൈക്കുമായി അങ്ങോട്ടേക്കൊന്നും പോയിട്ടുമില്ലത്രേ. എന്താല്ലേ ?

ഇക്കാര്യത്തില്‍ ആര്‍ ടി ഓഫീസില്‍ അടക്കം ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരാതി ഒടുവില്‍ ഇമെയില്‍ വഴി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലുമെത്തി. പിന്നീടങ്ങോട്ട് കാര്യങ്ങള്‍ ശരവേഗത്തിലായിരുന്നു. അദ്ദേഹത്തിന് ലഭിച്ച മുഴുവന്‍ ഫൈനുകളും പരിശോധിച്ചതില്‍ ഒരു ഫൈന്‍ മാത്രം പരാതിക്കാരന്റെ വാഹനത്തിനു ലഭിച്ചതാണെന്നും, അത് അദ്ദേഹം നേരിട്ട് അടച്ചിട്ടുണ്ടെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. എങ്കില്‍ പിന്നെ മറ്റു ഫൈനുകള്‍ എങ്ങനെ അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് എത്തി ?

ഫൈനുകളില്‍ ഒരെണ്ണം വണ്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നായതിനാല്‍ എ ഐ ക്യാമറ പകര്‍ത്തിയ ചിത്രം സഹിതം സ്റ്റേഷന്‍ പരിധിയില്‍ അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ വാഹനത്തിന്റെ എന്‍ജിന്‍ നമ്പറും, ചെയ്‌സിസ് നമ്പറും അടക്കം എടുത്തായിരുന്നു അന്വേഷണം തുടര്‍ന്നത്. ഒടുവില്‍ പരാതിക്കാരന്റെ ബൈക്കിന്റെ ‘ ഇരട്ട ‘ സഹോദരനും ഉടമയും കസ്റ്റഡിയിലായി. എന്‍ജിന്‍ നമ്പറും, ചെയ്‌സിസ് നമ്പറും പരിശോധിച്ചതില്‍ വണ്ടി വേറെയാണെന്നും, പരാതിക്കാരന്റെ വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ച് ഓടുകയായിരുന്നെന്നും മനസ്സിലാക്കാനായി. ഇടുക്കിയില്‍ നിന്നും OLX വഴി വാങ്ങിയ ബൈക്ക് ആയിരുന്നു കഥയിലെ വില്ലന്‍.

പരാതിക്കാരന്‍ ഇടുക്കിയില്‍ ഒരാള്‍ക്ക് വാഹനത്തിന്റെ RC ബുക്ക് പണയം വെച്ചിരുന്നു. പണയം വാങ്ങിയ വ്യക്തി ഇതേ RC ഉപയോഗിച്ച്, മറ്റൊരു വാഹനം നമ്പര്‍ മാറ്റി OLX വഴി വില്‍ക്കുകയായിരുന്നു. വാങ്ങിയ ആളാകട്ടെ, വാഹനത്തിന്റെ രേഖകള്‍ പരിശോധിക്കാതെയും, വാഹനം സ്വന്തം പേരിലാക്കാതെയും വാഹനമുപയോഗിച്ചു തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തികൊണ്ടേയിരുന്നു. തുടരന്വേഷണത്തിനായി പരാതി ഇടുക്കിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇനി നിങ്ങള്‍ പറയൂ .. ക്യാമറ വില്ലന്‍ ആണോ ?

ഗുണപാഠം : 1 . വാഹനം വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും RC ബുക്കിലെ പേരും വിലാസവും മാറ്റാന്‍ ശ്രദ്ധിക്കണം.
2 . വാഹനത്തിന്റെ രേഖകള്‍ മറ്റൊരാള്‍ക്ക് കൈമാറരുത്.

Top