എ കെ 47 അടക്കമുള്ള ആയുധങ്ങളുമായി മഹാരാഷ്ട്രയില്‍ ബോട്ട് കണ്ടെത്തി

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് തീരത്ത് ആയുധങ്ങളുമായി ബോട്ട് കണ്ടെത്തി. എ.കെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. റായ്ഗഡ് ജില്ലയിലെ ഹരിഹരേശ്വര്‍ തീരത്താണ് ബോട്ട് കണ്ടെത്തിയത്. സംസ്ഥാനത്ത് പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

ബോട്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ, എ.കെ 47 തോക്കുകള്‍ ബോട്ടില്‍ ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ നിര്‍മ്മിച്ച ബോട്ടാണ് പിടിച്ചെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം.

ഹരിഹരേശ്വര്‍ ബീച്ചിലേക്ക് വരുന്ന വിവരം ബോട്ടില്‍ ഉണ്ടായിരുന്നവര്‍ കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചിരുന്നില്ല. വിവരമറിഞ്ഞ് മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് റായ്ഗഡിലേക്ക് തിരിച്ചിട്ടുണ്ട്.

അതിനിടെ ഒമാന്‍ സുരക്ഷാ വിഭാഗത്തിന്റെ ബോട്ടാണ് റായ്ഗഡ് തീരത്ത് എത്തിയതെന്നും ഉപയോഗശൂന്യമായ ആയുധങ്ങളാണ് ബോട്ടില്‍ ഉള്ളതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

Top