ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ സംഘത്തിന് സുരക്ഷയൊരുക്കിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ഭീകരവാദികളുടെ ബോംബാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച ആശുപത്രിയില്‍ മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ പാക് താലിബാന്റെ മുന്‍ ശക്തികേന്ദ്രമായ മാമുണ്ട് ജില്ലയിലാണ് ആക്രമണം നടന്നത്. ബോംബാക്രമണത്തിന് ശേഷം കുറഞ്ഞത് മൂന്ന് ഉദ്യോഗസ്ഥരെങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വാക്‌സിനേഷന്‍ ആരംഭിച്ചതിന് പിന്നാലെയാണ് മാമുണ്ടില്‍ ബോംബാക്രമണം നടന്നത്. വാക്‌സിനേഷന്‍ കാമ്പെയ്നുകള്‍ കുട്ടികളെ വന്ധ്യംകരിക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയാണെന്ന് ഇസ്ലാമിക തീവ്രവാദികള്‍ ആരോപിക്കുന്നു. ഭീകരവാദ ആക്രമണത്തൈ തുടര്‍ന്ന് മാമുണ്ടിലെ വാക്‌സിനേഷന്‍ യജ്ഞം രണ്ടാം ദിവസമായ ചൊവ്വാഴ്ചയും നിര്‍ത്തിവച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തു. എന്നാല്‍, ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ താലിബാനല്ലെന്നും തങ്ങളാണ് ആക്രമണം നടത്തിയതെന്നും ഐഎസ് അവകാശപ്പെട്ടു. ഇപ്പോഴും പോളിയോ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാന്‍. എന്നാല്‍, പല ഭീകരവാദ ഗ്രൂപ്പുകളും വാക്‌സിനേഷന് എതിരാണ്. വന്ധ്യംകരണത്തിനായാണ് വിദേശ ശക്തികള്‍ വാക്‌സിനിലൂടെ ശ്രമിക്കുന്നതെന്നാണ് ഭീകരവാദ ഗ്രൂപ്പുകളുടെ വാദം.