ലഖ്‌നൗ: കൗമാരക്കാരനായ ആണ്‍കുട്ടിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനം.
യുപിയിലെ മഹാരാജ്ഗഞ്ചിലെ പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് ആണ്‍കുട്ടിയെ മര്‍ദ്ദിച്ചത്.
പൊലീസ് സ്‌റ്റേഷനില്‍ നടന്ന ക്രൂര പ്രവര്‍ത്തിയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
മര്‍ദ്ദിക്കരുതെന്നും കരുണ കാണിക്കണമെന്നും ആണ്‍കുട്ടി അപേക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.
എന്നാല്‍ അപേക്ഷിക്കും തോറും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള മര്‍ദ്ദനം കൂടുകയാണെന്നു ദൃശ്യത്തില്‍ വ്യക്തമാണ്.
വടി ഉപയോഗിച്ച് ആണ്‍കുട്ടിയുടെ കാലില്‍ അമര്‍ത്തി വെച്ച് വേദനിപ്പിക്കുന്നതും ലാത്തി ഉപയോഗിച്ച് അടിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.
കഴിഞ്ഞ സെപ്തംബറില്‍ നടന്ന പോലീസ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അയല്‍വാസിയായ സ്ത്രീയാണ് ആണ്‍കുട്ടിക്കെതിരെ മോഷണക്കുറ്റത്തിന് പരാതി നല്‍കിയത്.
ഇതേ തുടര്‍ന്നു ചോദ്യം ചെയ്യലിനായി പൊലീസ് സ്‌റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു ആണ്‍കുട്ടിക്ക് നേരെയുള്ള മര്‍ദ്ദനം.
മോഷ്ടിച്ച മുതല്‍ തിരികെ ലഭിക്കാന്‍ വേണ്ടിയാണ് ആണ്‍കുട്ടിയെ മര്‍ദ്ദിച്ചതെന്നും ഒന്നും കണ്ടെടുക്കാനാകാത്തതിനാല്‍ കുട്ടിയെ വിട്ടയച്ചതായും മഹാരാജ്ഗഞ്ച് എഎസ്പി അഷുതോഷ് ശുക്ല പറഞ്ഞു.
കുട്ടിയെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നുണ്ടായ വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് മഹാരാജഗഞ്ച് പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ കെഎന്‍ ഷാഹിയേയും മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനേയും സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.