മത്സ്യ ബന്ധനത്തിനിടെ ദ്വീപിൽ കുടുങ്ങിയ ഇന്ത്യൻ തൊഴിലാളികളെ ബ്രിട്ടീഷ് ബോട്ട് രക്ഷിച്ചു

തിരുവനന്തപുരം: മത്സ്യ ബന്ധനത്തിനിടെ ഇന്ത്യൻ മഹാ സമുദ്രത്തിൽ ബ്രിട്ടീഷ് അധീനതയിലുള്ള സലോമൻ ദ്വീപിൽ അകപ്പെട്ട 14 മത്സ്യത്തൊഴിലാളികളെ ബ്രിട്ടീഷ് ബോട്ട് രക്ഷപ്പെടുത്തി വിഴിഞ്ഞം കോസ്റ്റ് ഗാർഡിന് കൈമാറി. തമിഴ്നാട് തേങ്ങാപട്ടണത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ തമിഴ്നാട് സ്വദേശി വർഗീസിന്റെ ക്രിഷമോൾ എന്ന ബോട്ടും അതിലെ ഉടമ അടക്കമുള്ള 14 മത്സ്യത്തൊഴിലാളികളുമാണ് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയത്.

14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി തീരത്തെത്തിച്ചു. നവംബർ 27 നാണു സംഘം തേങ്ങാപട്ടണം മൽസ്യബന്ധന കേന്ദ്രത്തിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ എൻജിൻ തകരാറുകാരണം ബോട്ട് കടലിൽ അകപ്പെടുകയും മോശം കാലാവസ്ഥയിൽ വഴിതെറ്റി ദക്ഷിണാർദ്ധ ഗോളത്തിലേക്ക് പ്രവേശിക്കുകയും ആയിരുന്നു. ഇവർക്ക് സമീപത്ത് കോടി കടന്നു പോയ ശ്രീലങ്കൻ മൽസ്യബന്ധന ബോട്ട് സഹായത്തിനെത്തുകയും ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ബോട്ടിൽ നിന്ന് ഏറ്റവും അടുത്ത ജനവാസമില്ലാത്ത ദ്വീപിൽ എത്തിക്കുകയും ചെയ്തു. മോശം കാലാവസ്ഥയിൽ ദ്വീപ് സുരക്ഷിതമല്ലെന്ന് കരുതി മൽസ്യത്തൊഴിലാളികൾ തങ്ങളുടെ കൈവശമുള്ള ഡിങ്കി ബോട്ടിൽ മറ്റൊരു സുരക്ഷിത തീരം തേടി പുറപ്പെട്ടു.

ഇന്ത്യൻ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് അധീനതയിലുള്ള സലോമൻ ദ്വീപിലെ ഗ്രാമ്പ്യൻ എൻഡ്യൂറൻസ് എന്ന കപ്പൽ ഡിങ്കി ബോട്ടിൽ കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് അവരെ സുരക്ഷിതമായി ആംഗ്ലേസ് ദ്വീപിൽ എത്തിക്കുകയും ഇന്ത്യൻ അധികാരികളെ വിവരം അറിയിക്കുകയും ചെയ്തു. ദക്ഷിണാർദ്ധ ഗോളത്തിൽ ഭൂമധ്യ രേഖക്ക് അഞ്ചുഡിഗ്രി തെക്കായാണ് ആംഗ്ലേസ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ആംഗ്ലേസ് ദ്വീപ് അധികൃതർ 14 മൽസ്യത്തൊഴിലാളികളെയും കുളച്ചിലിൽ നിന്നും 15 നോട്ടിക്കൽ മൈൽ അകലെയായി കടലിൽ വച്ച് ഭാരതീയ തീര സംരക്ഷണ സേനക്ക് കൈമാറി. കൃത്യമായ പരിശോധനകൾക്ക് ശേഷം മത്സ്യത്തൊഴിലാളികളെ തീര സംരക്ഷണ സേന സുരക്ഷിതമായി വിഴിഞ്ഞത്തെത്തിച്ചു. വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ മെഡിക്കൽ സെന്ററെറിൽ നിന്ന് മത്സ്യത്തൊഴിലാളികളുടെ ആരോഗ്യം ഉറപ്പു വരുത്തി പൊലീസിന് കൈമാറി.

Top