തൃശൂര്‍: ഗുരുവായൂരില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിന് തീപിടിച്ചു. സേലം എടപ്പാടിയില്‍ നിന്ന് വന്നിരുന്ന ബസിനാണ് തീ പടര്‍ന്നത്. ഏഴു കുട്ടികളടക്കം 50 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. റെയില്‍വേ മേല്‍പ്പാലം ഇറങ്ങി പെട്രോള്‍ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുന്‍വശത്തുനിന്ന് തീ ഉയരുകയുമായിരുന്നു.
ഡ്രൈവറുടെ സീറ്റ് കത്തി നശിച്ചു. ഫയര്‍ഫോഴ്‌സും പൊലീസും ഉടന്‍ തന്നെ സ്ഥലത്തെത്തിയെങ്കിലും പെട്രോള്‍ പമ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. സെല്‍ഫ് മോട്ടോര്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു. ഭക്ഷണം പാചകം ചെയ്യാനുള്ള രണ്ട് ഗ്യാസിലിണ്ടറുകള്‍ ബസ്സില്‍ ഉണ്ടായിരുന്നതും പെട്രോള്‍ പമ്പിനു മുന്നിലായതും ആശങ്ക പരത്തി. ഡീസല്‍ പമ്പ് പൊട്ടിയിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതും വലിയ ദുരന്തം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.