വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ആഹ്വാനം; മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്

ദില്ലി: രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ വാക്പോര് മുറുകുകയാണ്. ആഹ്വാനത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയെയും അമിത് ഷായെയും വിമർശിച്ചാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ആഹ്വാനത്തെ പരിഹസിച്ച് കോൺഗ്രസ് മാധ്യമ വിഭാഗത്തിന്റെ ചാർജ് ഉള്ള ജയറാം രമേശാണ് രംഗത്തെത്തിയത്. കാപട്യം സിന്ദാബാദെന്നാണ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തത്. നാഗ്പൂരിൽ ദേശീയ പതാക ഉയർത്താൻ 52 വർഷമെടുത്ത സംഘടനയുടെ പ്രചാരകനിൽ നിന്നാണ് ഇത്തരമൊരു ആഹ്വാനമെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

സ്വാതന്ത്ര്യത്തിൻറെ അമൃത മഹോത്സവം പ്രമാണിച്ച് ആഗസ്ത് 13 മുതൽ 15 വരെ വീടുകളില്‍ ദേശീയപതാക പ്രദർശിപ്പിക്കണമെന്നാണ് മോദിയുടെ ആഹ്വാനം. ദേശീയപതാകയുമായുള്ള ഇന്ത്യക്കാരുടെ ബന്ധം കൂടുതൽ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെ ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്ന് ആഭ്യന്ത്രര മന്ത്രി അമിത് ഷാ അഭ്യര്‍ത്ഥിച്ചു. യുവാക്കളിൽ രാജ്യസ്നേഹം വർധിപ്പിക്കാൻ മോദിയുടെ ആഹ്വാനത്തിനാകുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

 

Top