ജപ്പാനിലെ ടോക്യോയില്‍ ഇസ്രായേല്‍ എംബസിക്ക് നേരെ കാര്‍ ഓടിച്ചുകയറ്റി

ടോക്യോ: ജപ്പാനിലെ ടോക്യോയില്‍ ഇസ്രായേല്‍ എംബസിക്ക് നേരെ കാര്‍ ഓടിച്ചുകയറ്റി. എംബസിയുടെ കവാടത്തില്‍ നിന്ന് ഏകദേശം 60 മീറ്റര്‍ അകലെ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തില്‍ മറ്റുയാത്രക്കാര്‍ ഉണ്ടായിരുന്നില്ല.

വ്യാഴാഴ്ച രാവിലെ എംബസിക്ക് സമീപമുള്ള ബാരിക്കേഡുകള്‍ക്കിടയിലൂടെ കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. എംബസി റോഡിന്റെ കവലയില്‍ സ്ഥാപിച്ച താല്‍ക്കാലിക ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ടുനീങ്ങിയ കാര്‍ നടപ്പാതയിലെ വേലിയില്‍ ഇടിച്ചു നിന്നു. ഇവിടെ കാവല്‍ നിന്ന 20 വയസ്സുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്.

സംഭവത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് കാര്‍ ഡ്രൈവര്‍ ഷിനോബു സെക്കിഗുച്ചിയെ (53) അറസ്റ്റ് ചെയ്തു. ഇയാള്‍ തെറ്റ് സമ്മതിക്കുകയും പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.ഇസ്രായേല്‍ ഗസ്സക്ക് നേരെ നടത്തുന്ന വംശഹത്യ ആക്രമണങ്ങള്‍ക്കെതിരെ എംബസിക്ക് സമീപം നിരവധി പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. തുടര്‍ന്ന് മേഖലയില്‍ മെട്രോപൊളിറ്റന്‍ പൊലീസ് സുരക്ഷ ശക്തമാക്കിയതിനിടെയാണ് കാര്‍ ഇടിച്ചുകയറ്റിയത്.

Top