കൊച്ചി:കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്റെ പരാതിയില്‍ ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം പുത്തന്‍കുരിശ് പൊലീസാണ് കേസെടുത്തത്. എംഎല്‍എയെ വേദിയില്‍ പരസ്യമായി അപമാനിച്ചെന്നാണ് പരാതി.
ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്കിനെ രണ്ടാം പ്രതിയാക്കിയാണ് കേസ്. വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ്, മെമ്പര്‍മാരായ സത്യപ്രകാശ്, ജീല്‍ മാവേലില്‍, രജനി പി റ്റി എന്നിവര്‍ക്കെതിരേയും പരാതിയുണ്ട്. ഇവരുടെ നേതൃത്വത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി, സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തി മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചു, ജാതി വിവേചനം നേരിട്ടു തുടങ്ങിയ ആരോപണങ്ങളാണ് എംഎല്‍എ പരാതിയില്‍ ഉന്നയിക്കുന്നത്.
ട്വന്റി ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിലെ സര്‍ക്കാര്‍ പരിടികളിലും ഔദ്യോഗിക യോഗങ്ങളില്‍ നിന്നും നേരത്തേയും എംഎല്‍എക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗങ്ങളില്‍ പങ്കെടുക്കാതെ പഞ്ചായത്ത് പ്രസിഡന്റും ട്വന്റി ട്വന്റി അംഗങ്ങളും മാറി നില്‍ക്കുന്ന രീതി നേരത്തേയും ഉണ്ടായിരുന്നു. സാബുവിന്‍റെ നിർദേശപ്രകാരമാണ് ഇത്തരത്തില്‍ പഞ്ചായത്ത് പ്രതിനിധികള്‍ തന്നെ ബഹിഷ്കരിക്കുന്നതെന്ന് പി വി ശ്രീനിജന്‍ പറഞ്ഞു.