പാമ്പാടി: പാമ്പാടിയില്‍ പത്രം ഏജന്റായ മധ്യവയസ്‌കനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പുതുപ്പള്ളി പൊങ്ങന്‍പാറ ഭാഗത്ത് മാളിയേക്കല്‍ വീട്ടില്‍ ദീപു എം. പ്രദീപ് (19), മുട്ടമ്പലം ഇറഞ്ഞാല്‍ ഭാഗത്ത് കൊച്ചു പറമ്പില്‍ വീട്ടില്‍ എ.കെ. അനൂപ് (20) എന്നിവരെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ സംഘം ചേര്‍ന്ന് കഴിഞ്ഞദിവസം പുലര്‍ച്ച പത്രം എടുക്കാന്‍ മീനടം ഭാഗത്തുനിന്ന് വെട്ടത്ത് കവല ഭാഗത്തേക്ക് പോവുകയായിരുന്ന പത്രം ഏജന്റായ മധ്യവയസ്‌കന്റെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി, കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി പോക്കറ്റില്‍ ഉണ്ടായിരുന്ന പണം പിടിച്ചുപറിച്ചു കടന്നുകളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പാമ്പാടി പൊലീസ് ശാസ്ത്രീയ പരിശോധനയിലൂടെ പ്രതികളെ കണ്ടെത്തുകയായിരുന്നു. പ്രതികളില്‍ ഒരാളായ ദീപു എം. പ്രദീപിനെതിരെ കോട്ടയം ഈസ്റ്റ്, കുമരകം, വാകത്താനം, മണര്‍കാട്, അയര്‍ക്കുന്നം എന്നീ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.