നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസ്; പി ജി മനുവിന് ഉപാധികളോടെ ജാമ്യം

കൊച്ചി: നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനുവിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, പാസ്‌പോര്‍ട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യവും എന്നിവയാണ് ഉപാധികള്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി പ്രോസിക്യൂഷന്‍ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നല്‍കിയത്.

2018 ല്‍ ഉണ്ടായ ലൈംഗിക അതിക്രമ കേസില്‍ 5 വര്‍ഷമായിട്ടും നടപടിയാകാതെ വന്നപ്പോള്‍ പൊലീസ് നിര്‍ദ്ദേശപ്രകാരം നിയമ സഹായം തേടിയെത്തിയ യുവതിയെ ഓഫീസില്‍ വെച്ചും വീട്ടില്‍ വെച്ചും ബലാത്സഗം ചെയ്‌തെന്നാണ് പിജി മനുവിനെതിരായ കേസ്. അഭിഭാഷകന്‍ അയച്ച വാട്‌സ്ആപ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ ജനുവരി 31 നാണ് പുത്തന്‍കുരിശ് ഡിവൈഎസ്പിയക്ക് മുന്നില്‍ പിജി മനു കീഴടങ്ങിയത്.

Top